ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിന്റെ (45) മരണത്തില്‍ പങ്കില്ലെന്ന് പ്രതികളായ വനിതകള്‍. മലേഷ്യന്‍ കോടതിയില്‍ കേസിന്റെ വിചാരണയ്ക്കിടെയാണു കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വനിതകള്‍ വാദിച്ചത്. കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഉത്തര കൊറിയ ആവര്‍ത്തിക്കുന്നതിനിടെയാണ് വനിതകളുടെ വാദമെന്നത ശ്രദ്ധേയമാണ്. അതീവ സുരക്ഷയില്‍ ബുള്ളറ്റ് പ്രൂഫ് വേഷത്തിലാണു യുവതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കിയത്. വധശ്രമക്കുറ്റം തെളിയിക്കപ്പെട്ടാല്‍ മലേഷ്യന്‍ നിയമപ്രകാരം യുവതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികള്‍ വിഷം കുത്തിവെച്ച് കിം ജോങ് നാമിനെ കൊലപ്പെടുത്തി എന്നാണു കേസ്. ഫെബ്രുവരി ആദ്യമായിരുന്നു സംഭവം. എന്നാല്‍ കുറ്റക്കാരല്ലെന്നു ഇന്തോനേഷ്യന്‍ സ്വദേശി സിതി ആയിഷ (25), വിയറ്റ്‌നാം സ്വദേശി ഡോണ്‍ തൈ ഹുവോങ് (29) എന്നിവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇരുവരും ഉത്തര കൊറിയയുടെ പരിശീലനം കിട്ടിയ ഏജന്റുമാരാണെന്നും ആ രാജ്യമാണ് വധത്തിനു പിന്നിലെന്നും മലേഷ്യ ആവര്‍ത്തിച്ചു.
നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഹുവോങ്ങിന്റെ അഭിഭാഷകന്‍ ഹിസ്‌യാം തേ പൊ തെയ്ക് പറഞ്ഞു. അതിനിടെ, കൊലപാതകത്തിനു പിന്നില്‍ ഉത്തരകൊറിയന്‍ ഭരണകൂടമാണെന്നു മലേഷ്യ കണ്ടെത്തിയതായി ദക്ഷിണ കൊറിയ അവകാശപ്പെട്ടു. ഉത്തര കൊറിയന്‍ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം.
അനന്തരാവകാശിയാകുമെന്ന് ഒരിക്കല്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 2001ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ജപ്പാനില്‍ പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തോടെയാണ് ഇത്. പിന്നീട് അദ്ദേഹം ചൈനയുടെ പ്രവിശ്യയായ മക്കാവുവില്‍ പ്രവാസത്തിലായിരുന്നു. പിതാവിന്റെ മരണശേഷം നാമിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് ഉന്‍ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്.
Post Your Comments