കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധന നിലവില്‍ വന്നു. ഒക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്. സന്ദര്‍ശക വിസയിലുള്ളവര്‍ ചികിത്സയ്ക്കായി നിലവിലുള്ളതിന്റെ 100 ശതമാനത്തില്‍ കൂടുതല്‍ നല്‍കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു. വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക വര്ധിപ്പിക്കാതെയായിരിക്കും ചികിത്സ ഫീസ് കൂട്ടുക. വിദേശ തൊഴിലാളികള്‍ക്ക് 50 ദിനാറും ഭാര്യയ്ക്ക് 40ഉം കുട്ടിക്ക് 30 ദിനാറുമാണ് നിലവിലെ ഇന്‍ഷൂറന്‍സ് നിരക്ക്.
മാനുഷിക പരിഗണനയില്‍ ചില വിഭാഗങ്ങള്‍ക്ക് ചികിത്സാ ഫീസ് ഇളവ് അനുവദിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അര്‍ബുദ ബാധിതരായ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികില്‍സയുണ്ട്. സ്വദേശിയുടെ വിദേശിയായ ഭാര്യയ്ക്കും മാതാവിനും വിദേശിയെ വിവാഹം ചെയ്ത സ്വദേശി വനിതയുടെ കുട്ടികള്‍ക്കും ഇളവുണ്ട്. കെയര്‍ ഹോം അന്തേവാസികള്‍, ജിസിസി പൌരന്മാര്, പൌരത്വമില്ലാത്ത ബിദൂനികള്‍ എന്നിവരാണ് ഇളവ് ലഭിക്കുന്ന മറ്റു വിഭാഗക്കാര്‍.
ഔദ്യോഗിക പ്രതിനിധി സംഘം, ട്രാന്‍സിറ്റ് യാത്രക്കാര്‍, ജയിലുകളിലുള്ള വിദേശ തടവുകാര്‍ എന്നിവര്‍ക്ക് ഭാഗിക ഇളവ് ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികളെയും ആരോഗ്യമന്ത്രാലയ ജീവനക്കാരുടെ കുടുംബാംഗങ്ങളെയും അന്ധരെയും ചില ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അംഗപരിമിതര്‍ക്കുള്ള ചികിത്സ വിദേശികള്‍ക്കും സ്വദേശികളുടേതിന് തുല്യമായി പരിഗണിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments