പഞ്ച്കുള: കലാപമുണ്ടാക്കാൻ ദേരാ മാനേജ്മെന്റ് ചെലവാക്കിയത് അഞ്ചു കോടി രൂപ. കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേര സച്ച സൗദ നേതാവ് കുറ്റക്കാരനെന്നു കോടതി വിധി വന്നതിനു പിന്നാലെ കലാപം നടത്താനാണ് അഞ്ചു കോടി രൂപ ചെലവാക്കിയത്. ഉത്തരേന്ത്യയിൽ കലാപം സൃഷ്ടിക്കാനായിരുന്നു പദ്ധതി.
ദേരയ്ക്കു പുറമേ പഞ്ചാബ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഗുർമീതിന്റെ സഹായികൾ പണം വിതരണം ചെയ്തു. കലാപത്തിനിടെ ജീവൻ നഷ്ടപ്പെട്ടാൽ കനത്ത നഷ്ടപരിഹാരം നൽകാമെന്ന് ദേര മാനേജ്മെന്റ് സമ്മതിച്ചിരുന്നതായും അനുയായികൾ വെളിപ്പെടുത്തി. ചംകൗറിനെ അറസ്റ്റ് ചെയ്താൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ദേരയുടെ പഞ്ച്കുള ബ്രാഞ്ച് തലവൻ ചംകൗർ സിംഗാണ് ദേര മാനേജ്മെന്റിൽനിന്നു പണം വാങ്ങി വിതരണം നടത്തിയത്. ഇയാൾ പഞ്ചാബിലെ മൊഹാലി സ്വദേശിയാണ്. ഓഗസ്റ്റ് 28ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടർന്ന് ചംകൗറും കുടുംബവും ഒളിവിലാണ്.
Post Your Comments