KeralaLatest NewsNews

നാദിര്‍ ഷാ കുടുങ്ങും : മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

 

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണിത്. ഈ സാഹചര്യത്തില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനുമായി നാദിര്‍ഷാ ചര്‍ച്ച നടത്തി. അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാദിര്‍ഷാ എത്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ നെഞ്ചുവേദനയ്ക്ക് ചികില്‍സയിലാണ് നാദിര്‍ഷായെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിര്‍ഷായുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് പിടികൂടിയ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷായെയും സംശയത്തിന്റെ നിഴലിലാക്കിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ നടന്‍ ദിലീപിനൊപ്പം നാദിര്‍ഷായെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘമാണ് 13 മണിക്കൂറോളം നാദിര്‍ഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയത്.

അതിനിടെ, പൊലീസിന്റെ മാരത്തണ്‍ ചോദ്യംചെയ്യലിനു രണ്ടു ദിവസം മുന്‍പ് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ നാദിര്‍ഷായ്ക്ക് പരിശീലനം നല്‍കിയതായി വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പൊലീസിന്റെ ചോദ്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പായിരുന്നത്രെ ഇത്. ജൂണ്‍ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിര്‍ഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്. അന്ന് ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്കു നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണു പൊലീസ് ആസ്ഥാനത്തു ലഭിച്ചത്.

കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റാരോപണം ശക്തമാക്കാന്‍ നാദിര്‍ഷായെ കേസില്‍ മാപ്പുസാക്ഷിയാക്കാനും ഇടയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നെങ്കിലും, വിചാരണ ഘട്ടത്തില്‍ നാദിര്‍ഷാ കൂറുമാറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഇതു തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button