കോഴിക്കോട്: സംസ്ഥാനത്ത് 30 എന്‍ജിനിയറിംഗ് കോളേജുകള്‍ പൂട്ടുന്നു. മൂന്നിലൊന്നു സീറ്റുകളില്‍ പോലും പ്രവേശനത്തിന് കുട്ടികളെത്താത്ത എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടാനുള്ള ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) തീരുമാനം നടപ്പായാല്‍ സംസ്ഥാനത്ത് മുപ്പതോളം എന്‍ജിനീയറിങ് കോളേജുകളാണ് ഇല്ലാതാവുക. ഈ കോളേജുകളെ മറ്റ് കോളേജുകളുമായി ലയിപ്പിക്കാനും നടപടിയാവും.
മുപ്പതു ശതമാനത്തില്‍ താഴെ കുട്ടികളുള്ള കോളേജുകള്‍ പൂട്ടുമെന്നാണ് എഐസിടിഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ വ്യക്തമാക്കിയത്. ഈ കോളേജുകളിലെ കുട്ടികള്‍ക്ക് സമീപ കോളേജുകളില്‍ പ്രവേശനം നല്‍കും. തുടര്‍ച്ചയായി അഞ്ചുവര്‍ഷം 30 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന കോളേജുകളാണ് പൂട്ടാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ 5.44 ശതമാനവും എയിഡഡ് എഞ്ചിനീയറിംഗ് കോളേജുകളില്‍ മൂന്നു ശതമാനവും സീറ്റുകളില്‍ ആളില്ല.. സ്വാശ്രയ കോളേജുകളാവട്ടെ കടുത്ത പ്രതിസന്ധിയിലുമാണ്. വിദ്യാഭ്യാസ നിലവാരം തീര്‍ത്തും തകരുന്ന ഘട്ടത്തില്‍ കൂടിയാണ് സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്രത്തിന്റെ മാര്‍ഗ്ഗരേഖ.
വിദ്യാര്‍ഥികളുടെ കുറവുമൂലം രാജ്യത്തെ 800-ഓളം എന്‍ജിനീയറിങ് കോളേജുകള്‍ അടുത്ത അധ്യയനവര്‍ഷത്തോടെ പൂട്ടാനാണ് തീരുമാനം. രാജ്യത്ത് 10,363 എന്‍ജിനീയറിങ് കോളേജുകളാണുള്ളത്.
Post Your Comments