വെള്ളറട: പരിക്കേറ്റത് സംബന്ധിച്ച് പരാതി പറയാനെത്തിയ യുവാവ് പൊലീസ് സ്റ്റേഷന്റെ മുന്‍വശത്തെ ഗേറ്റ് താഴിട്ടുപൂട്ടിയശേഷം കടന്നു കളഞ്ഞു. അമ്പൂരി സ്വദേശി നോബി തോമസാണ് (40) വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയ ശേഷം കടന്നുകളഞ്ഞത്.
ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. അമ്പൂരിയില്‍ വെച്ച് രണ്ടുപേര്‍ തന്നെ ആക്രമിച്ച് പരിക്കേല്പിച്ചുവെന്ന പരാതി പറയാനായി ശനിയാഴ്ച രാവിലെ നോബി സ്റ്റേഷനിലെത്തിയിരുന്നു. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഉടനെ കേസെടുക്കണമെന്നും ആശുപത്രിയില്‍ പൊലീസുകാര്‍ കൂടി വരണമെന്നും പരസ്പരവിരുദ്ധമായി ഇയാള്‍ പറഞ്ഞു. കേസെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്റ്റേഷന് പൂട്ടിയിട്ടു പോകാന്‍ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞശേഷം പുറത്തിറങ്ങി.
ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകാന്‍ പൊലീസ് നോബിയോടു പറഞ്ഞെങ്കിലും ഇത് വകവെക്കാതെ റോഡിലെത്തിയ ഇയാള്‍ ഗേറ്റ് വലിച്ചടച്ച ശേഷം ബൈക്കില്‍ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ പുതിയ താഴ് ഉപയോഗിച്ച് സ്റ്റേഷന്റെ മുന്‍വശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കില്‍ കടന്നു. അരമണിക്കൂറോളം ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ സ്റ്റേഷനില്‍ എത്തിയവര്‍ക്ക് അകത്ത് കടക്കാന്‍ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പൊലീസുകാര്‍ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പൊലീസുകാരെ വിവരമറിയിച്ചത്.
തുടര്‍ന്ന്, നാട്ടുകാര്‍ തന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകര്‍ത്തു. നോബിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അമ്പൂരിയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് മര്‍ദ്ദനമേറ്റതായും പിന്നീടുള്ള അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
Post Your Comments