കുവൈറ്റ്: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാസം 22 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കിലോവാട്ടിന് രണ്ടു ഫില്‍സ് എന്നതില്‍ നിന്ന് അഞ്ചു ഫില്‍സ് ആയാണ് വര്‍ദ്ധിപ്പിക്കുന്നത്. സ്വദേശിഭവനങ്ങളെ നിരക്കു വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് നിലവിലെ സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിദേശികള്‍ക്ക് വാടകക്ക് നല്‍കിയിരിക്കുന്ന അപ്പാര്‍ട്‌മെന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകും. ആയിരം യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് കിലോവാട്ടിന് അഞ്ചു ഫില്‍സ് തോതിലും ആയിരത്തിനു മുകളില്‍ രണ്ടായിരം വരെയുള്ള ഉപയോഗത്തിന് 10 ഫില്‍സ് തോതിലും രണ്ടായിരത്തിനു മുകളില്‍ 15 ഫില്‍സ് എന്ന തോതിലുമാണ് വൈദ്യുതി ചാര്‍ജ് ഈടാക്കുക.
അതേസമയം സ്വദേശി ഭവനങ്ങളെയും സ്വദേശികള്‍ക്ക് വാടകക്ക് നല്‍കിയിരിക്കുന്ന ഫ്‌ളാറ്റുകളെയും നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടില്‍ താമസിക്കുന്ന സ്വദേശികള്‍ വാടകക്കെട്ടിടത്തില്‍ അധിക നിരക്ക് നല്‍കേണ്ടി വരും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ പണമടക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബോഷേരി വ്യക്തമാക്കി.
Post Your Comments