ജോഹോര്‍ ബഹറു (മലേഷ്യ)•മലേഷ്യയിലെ ഏറ്റവും ശക്തരായ സുല്‍ത്താന്മാരില്‍ ഒരാളുടെ മകള്‍ ഡച്ചുകാരനെ വിവാഹം കഴിച്ചു. പരമ്പരാഗതമായ രീതിയില്‍ ആഘോഷങ്ങളോടെ തിങ്കളാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍.
ജോഹര്‍ സുല്‍ത്താന്റെ ഏകമകള്‍, 31 കാരിയായ പ്രിന്‍സസ് തുങ്കു തുന്‍ അമിന സുല്‍ത്താന്‍ ഇബ്രാഹിം , 28 കാരനായ ഡെന്നിസ് മൊഹമ്മദ് അബ്ദുള്ളയെയാണ് വിവാഹം കഴിച്ചത്. ഇരുവരും മൂന്ന് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനോടുവിലാണ് വിവാഹിതരായത്.
ഡച്ചുകാരനായ ഡെന്നിസ് വിവാഹത്തിന് മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തെക്കന്‍ മലേഷ്യന്‍ നഗരമായ ജോഹോര്‍ ബഹറുവിലെ രാജകുടുംബത്തിന്റെ വസതിയായ സെറിന്‍ ഹില്‍ പാലസില്‍ മലയ മുസ്ലിം രീതിയിലായിരുന്നു വിവാഹം. സ്വാകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പരമ്പരാഗത മലയ വിവാഹ വസ്ത്രമാണ് വരന്‍ ധരിച്ചിരുന്നത്. വെള്ള വസ്ത്രം ധരിച്ച് വധുവും. പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ വച്ച് ഡെന്നിസ് മൊഹമ്മദ് തുങ്കു അമിനയെ മോതിരമണിയിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജോഹോറില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം വിവാഹ ആചാരങ്ങളുടെ ഭാഗമായി, ഡെന്നിസ് 22.50 റിംഗ്ഗിറ്റും (ഏകദേശം 5 ഡോളര്‍) നല്‍കി. തുടര്‍ന്ന് ദമ്പതികള്‍ ബഹുമാന സൂചകമായി ഇരുവരുടെയും മാതാപിതാക്കളുടെയും അമ്മാവന്മാരുടെയും കൈകളില്‍ ചുംബിച്ചു.
വൈകുന്നേരം വലിയ സ്വീകരണവും ഒരുക്കിയിരുന്നു. 1200 ത്തോളം അതിഥികള്‍ സ്വീകരണത്തില്‍ പങ്കെടുത്തു. സിറ്റി സ്ക്വയറില്‍ സ്ഥാപിച്ച വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടവും ഒത്തുകൂടിയിരുന്നു.
ജോഹോറിലെ പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് കമ്പനിയിലാണ് ഡച്ചുകാരന്‍ ഇപ്പോള്‍ ജോലി നോക്കുന്നത്. ഡെന്നിസ് ബെര്‍ബാസ് എന്ന ഇയാള്‍ 2015 ല്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഡെന്നിസ് മൊഹമ്മദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
സമ്പന്നരും ശക്തരുമായ ജോഹര്‍ രാജകുടുംബം സ്വന്തമായി സ്വകാര്യ സൈന്യമുള്ള മലേഷ്യയിലെ ഏക രാജ്യമാണ്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് അധിക കൈമാറ്റം. ഇപ്പോഴത്തെ രാജാവ് സുല്‍ത്താന്‍ മൊഹമ്മദ് അഞ്ചാമന്‍ 2021 ലാണ് സ്ഥാനമൊഴിയുക.
Post Your Comments