മുംബൈ :ഡയമണ്ടിന്റെ വില ആയിരത്തില്‍ താഴെ. സമ്പന്നര്‍ക്ക് മാത്രം കുത്തകയായിരുന്ന ഡയമണ്ട് ഇനി ആര്‍ക്കും സ്വന്തമാക്കാം. പ്രതിമാസം 900 രൂപ വീതം നിക്ഷേപിച്ചാല്‍ മതി. മ്യൂച്വല്‍ ഫണ്ടും ഗോള്‍ഡ് ഫണ്ടും വാങ്ങുന്നതുപോലെ എസ്ഐപിയായി ഡയമണ്ട് സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് വഴി നിക്ഷേപം നടത്താം.
ലോകത്ത് തന്നെ ആദ്യമായാണ് ഡയമണ്ട് എസ്ഐപി അവതരിപ്പിക്കുന്നത്. ഐസിഇഎക്‌സ് ബ്രോക്കര്‍ വഴി അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം വേണ്ടത്. കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. ഓരോ മാസവും നിശ്ചിത ദിവസം നിങ്ങള്‍ക്കുവേണ്ടി ബ്രോക്കര്‍ ഡയമണ്ട് (ഇലക്ട്രോണിക് രൂപത്തില്‍)നിക്ഷേപം നടത്തും. 30 സെന്റ്, 50 സെന്റ്, 100 സെന്റ്(ഒരു കാരറ്റ്)എന്നിങ്ങനെയാണ് ഐസിഇഎക്‌സില്‍ വ്യാപാരം നടക്കുന്നത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേതിന് സമാനമായ രീതിയിലാണ് ട്രേഡിങ്. ഡീമാറ്റ് ഫോമില്‍ ലഭിക്കുന്നതിനാല്‍ ഒരു സെന്റ് വീതം ഡയമണ്ട് വാങ്ങി സൂക്ഷിക്കാം. പ്രതിമാസം ഒരു സെന്റുവീതം എസ്ഐപിയായി നിക്ഷേപിച്ച് 30 സെന്റായാല്‍ ഫിസിക്കല്‍ രൂപത്തില്‍ വാങ്ങുകയുമാകാം. അല്ലെങ്കില്‍ എക്‌സേചഞ്ചില്‍ വിറ്റ് പണമാക്കാം.
നിലവിലെ വില പ്രകാരം 30 സെന്റ് ഡയമണ്ടിന് 27,000 രൂപയോളമാണ് വില. അതായത് ഒരു സെന്റിന് 900 രൂപയാണ് ഇത് പ്രകാരം വിലവരിക.
900 രൂപവീതം എസ്ഐപിയായി 30 മാസം നിക്ഷേപിച്ചാല്‍ 30 സെന്റ് ഡയമണ്ട് ഫിസിക്കല്‍ രൂപത്തില്‍ സ്വന്തമാക്കാന്‍ കഴിയും. നിക്ഷേപ വിനിമയ കേന്ദ്രത്തിലെ വിലയ്ക്ക് അനുസൃതമായിരിക്കും പ്രതിമാസ എസ്ഐപി തുക നിക്ഷേപിക്കേണ്ടത്.
ഓഹരിയെയോ മ്യൂച്വല്‍ ഫണ്ടിനെപ്പോലെയോ ഇടയ്ക്കുവെച്ച് എസ്ഐപി നിര്‍ത്തേണ്ടിവന്നാലും പ്രശ്‌നമൊന്നുമില്ല. അതുവരെ വാങ്ങിയ സെന്റുകള്‍ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിക്കും. പിന്നീട് എപ്പോള്‍ വേണമെങ്കിലും എസ്ഐപി വീണ്ടും തുടങ്ങാം.
ഡി ബെയേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത പ്രകൃതിദത്ത ഡയമണ്ടാണ് വ്യാപാരം ചെയ്യുക. ക്വാളിറ്റി, കട്ട്, പോളിഷ് എന്നിവയിലെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നതാകും ഡയമണ്ട്. ഡയമണ്ട് വ്യാപാരത്തിന് ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന് ഈയിടെയാണ് സെബി അനുമതി നല്‍കിയത്.
Post Your Comments