Latest NewsNewsIndia

ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണിയായി അത്ഭുത ടാങ്കര്‍ മുന്ത്ര ഇനിയെന്നും ഇന്ത്യക്ക് സ്വന്തം

 

ന്യൂഡല്‍ഹി : ലോകത്തെ വന്‍ സൈനിക ശക്തികളെ അമ്പരിപ്പിച്ചു കൊണ്ട് ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മുന്നേറ്റം. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഉപയോഗ സജ്ജമാകുന്നത്. ദുര്‍ഘടപ്രദേശങ്ങളിലെ നിരീക്ഷണ ജോലികള്‍ എളുപ്പമാക്കാനും ശത്രു സൈന്യത്തിന് അപ്രതീക്ഷിത പ്രഹരം ഏല്‍പ്പിക്കുവാനും മുന്ത്ര വിഭാഗത്തില്‍പ്പെട്ട ഈ ടാങ്കുകള്‍ക്ക് കഴിയും.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) സംഘടിപ്പിച്ച ‘ഡിഫന്‍സ് എക്സിബിഷനി’ല്‍ ഈ ടാങ്കുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

മുന്ത്ര-എം, മുന്ത്ര-എന്‍, മുന്ത്ര-എസ് എന്നിങ്ങനെ ഒരേ ടാങ്കിന്റെ മൂന്നു വ്യത്യസ്ത രൂപങ്ങളാണ് എക്സിബിഷനില്‍ അവതരിപ്പിച്ചത്. നിരീക്ഷണാവശ്യത്തിന് ഉപയോഗിക്കാവുന്ന മുന്ത്ര-എസ് ടാങ്കുകള്‍, ആളില്ലാതെ നിയന്ത്രിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വാഹനമാണ്. മനുഷ്യര്‍ക്ക് നേരിട്ടുപോയി നിരീക്ഷിക്കാന്‍ സാധ്യമല്ലാത്ത മേഖലകളില്‍ നിരീക്ഷണ വാഹനമായി ഉപയോഗിക്കാവുന്ന ടാങ്കാണിത്.

മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന ‘മൈനുകള്‍’ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ‘ആളില്ലാ ടാങ്കാ’ണ് മുന്ത്ര-എം വിഭാഗത്തിലുള്ളത്. ആണവ ചോര്‍ച്ച നിമിത്തമോ, ജൈവായുധങ്ങളുടെ ഉപയോഗം നിമിത്തമോ മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ടാങ്കുകളാണ് മുന്ത്ര-എന്‍ വിഭാഗത്തില്‍പ്പെടുന്നത്.

ഒരു നിരീക്ഷണ റഡാര്‍, ക്യാമറ, 15 കിലോമീറ്റര്‍ അകലെയുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന ‘ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍’ എന്നിവയാണ് ഈ ‘ആളില്ലാ ടാങ്കു’കളിലുണ്ടാവുക.വിദൂരത്തുനിന്ന് നിയന്ത്രിക്കാവുന്ന ഇത്തരം ടാങ്കുകള്‍, നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിന് താല്‍പര്യമറിയിച്ച് അര്‍ധസൈനിക വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യത്തിന് ഉപയോഗിക്കണമെങ്കില്‍ ടാങ്കില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരും.

രാജസ്ഥാനിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍, തീര്‍ത്തും ദുര്‍ഘടമായ സാഹചര്യങ്ങളില്‍ ഉപയോഗിച്ചാണ് ഈ ടാങ്കുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയത്. പൊടിപടലങ്ങള്‍ നിറഞ്ഞ പ്രദേശത്ത് 52 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ടാങ്കുകളുടെ പരീക്ഷണം. ഇതു വിജയകരമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ ടാങ്കുകളുടെ വരവ് ഇന്ത്യന്‍ സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button