കൊച്ചി : സിനിമാ മേഖലയെ തളര്‍ത്തിയ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നു കൊണ്ടിരിയ്ക്കുന്നത്. യുവനടി ആക്രമിക്കപ്പെട്ടതും, അതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റും മറ്റു നടന്മാരെ ചോദ്യം ചെയ്തതുമെല്ലാം വളരെ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ദൃശ്യമാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്. ഈ കാര്യങ്ങള്‍ സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചതില്‍ പ്രതിഷേധിച്ചാണ് ചാനലുകള്‍ ബഹിഷ്ക്കരിക്കാന്‍ താരങ്ങള്‍ ഒരുങ്ങുന്നത്.
ടിവിയിലെ ഓണപ്പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനം താരങ്ങള്‍ കൈക്കൊണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചകളും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും താരങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.
മലയാളസിനിമയുടെ ഉത്സവ സീസണാണ് ഓണക്കാലം. നിരവധി ചിത്രങ്ങളാണ് ഈ സമയത്ത് റിലീസിനായി തയ്യാറെടുക്കുന്നത്. എന്നാല്‍ റിലീസ് സിനിമകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ചാനലുകളിലും പോകേണ്ടെന്ന തീരുമാനത്തിലാണ് മലയാളതാരങ്ങള്‍. സിനിമയ്ക്കു മാത്രമല്ല ചാനലുകള്‍ക്കും ഓണക്കാലം റേറ്റിങ്ങില്‍ ഉയര്‍ച്ച ലഭിക്കുന്ന സമയമാണ്. അതില്‍ വലിയ പങ്കു വഹിക്കുന്നത് സിനിമാ താരങ്ങളും അവരുടെ പരിപാടികളുമാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലും പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കാറില്ല. കൂടുതലും പഴയ സംവിധായകരും നിര്‍മാതാക്കളും മാത്രമാണ് വിഷയത്തില്‍ പ്രതികരിക്കാനെത്തുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭയവും ഇവരുടെ ഉള്ളിലുണ്ട്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ ചാനലുകളെ ഒഴിവാക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments