മലേഷ്യൻ വിമാനം തേടിപോയവർ കണ്ടത് ആഴക്കടലിലെ അത്ഭുതകാഴ്ച. 239 യാത്രക്കാരുമായി മൂന്നു വർഷം മുൻപ് കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം തേടിപോയവരാണ് ഈ അത്ഭുതക്കാഴ്ച കണ്ടത്. മലേഷ്യൻ വിമാനം ഏറ്റവും കൂടുതൽ അന്വേഷിച്ചത് കടലിലാണ്. മലേഷ്യയും ചൈനയും ഓസ്ട്രേലിയയും 2014 മുതൽ വിമാനത്തിനായി സംയുക്തമായി തിരച്ചിൽ നടത്തിയത് ഇന്ത്യൻ സമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റർ ഭാഗത്തായിരുന്നു. എന്നാൽ വിമാനം തിരയുന്നതിനിടെ കടലിന്റെ അടിത്തട്ടിൽ കണ്ട കാഴ്ചകൾ ശാസ്ത്രജ്ഞരെയും ഗവേഷകരെയും അദ്ഭുതപ്പെടുത്തിയിരിക്കയാണ്.
വിമാനത്തെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. പക്ഷെ മറ്റു നിരവധി കണ്ടെത്തലുകൾ നടത്താൻ ഈ തിരച്ചിൽ സഹായിച്ചു. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഈ തിരച്ചിലിനിടയിലാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ആരും കാണാതെ മറഞ്ഞുകിടക്കുന്ന അദ്ഭുത ലോകം കണ്ടെത്തുന്നത്.
മാത്രമല്ല ആഴക്കടലിൽ കരയിൽ ഉള്ളതു പോലെ തന്നെ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന വൻ അഗ്നിപർവതങ്ങളും ഭീമൻ താഴ്‌വാരങ്ങളും പർവതങ്ങളും വരെ കണ്ടെത്തി. തകർന്ന കപ്പലുകൾ, വിലപ്പെട്ട വസ്തുക്കൾ എല്ലാം ഇവിടെ കാണാം. ഓസ്ട്രേലിയയാണ് പുതിയ വിവരങ്ങൾ രൂപരേഖ സഹിതം പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയത് ലോക ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ തിരച്ചിലാണ്. തിരച്ചിലിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സമുദ്രത്തിന്റെ അടിത്തട്ട് രൂപരേഖ തയാറാക്കിയത്. ഭൂമിയിലെ തന്നെ ഏറ്റവും ആഴംകൂടിയ ഭാഗങ്ങളിലൊന്നാണ് ഇന്ത്യൻ മഹാസമുദ്രം.
Post Your Comments