ഇടുക്കി: രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായേക്കാവുന്ന രീതിയില്‍ സംസ്ഥാനത്തെ പാസ്പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ഒരേവിലാസത്തില്‍ ഒന്നിലേറെ പാസ്പോര്‍ട്ട് വിതരണം ചെയ്തതായി സൂചന. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പരീത് എന്നയാളുടെ പേരില്‍ എറണാകുളം മേഖലാ ഓഫീസില്‍നിന്നു നാലു പാസ്പോര്‍ട്ട് നല്‍കിയതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു ദുരൂഹതയുടെ കുരുക്കു മുറുകിയത്.
പുതിയ പാസ്പോര്‍ട്ട് വെരിഫിക്കേഷനായി എത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് പരീതിന് ഒന്നിലേറെ പാസ്പോര്‍ട്ടുള്ളതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനേത്തുടര്‍ന്നു നടന്ന പരിശോധനയില്‍ ഇയാളില്‍നിന്നു നാലു പാസ്പോര്‍ട്ട് പിടിച്ചെടുത്തു. കഴിഞ്ഞ എട്ടിനു കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഉന്നത ഇടപെടലുകളേത്തുടര്‍ന്ന് ഒതുക്കിത്തീര്‍ക്കാനും നീക്കം.
ഒന്നില്‍ പരീതിന്റെയും മറ്റൊന്നില്‍ സഹോദരന്റെയും ചിത്രമാണുള്ളത്. മറ്റു രണ്ടു പാസ്പോര്‍ട്ടിലെ ചിത്രങ്ങള്‍ ആരുടേതെന്നു തിരിച്ചറിഞ്ഞിട്ടില്ല.
പരീത് നിരവധി വിദേശയാത്രകള്‍ നടത്തിയതായും പോലീസിനു വിവരം ലഭിച്ചു. പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ ഇയാള്‍ കൂടുതല്‍ പാസ്പോര്‍ട്ട് സ്വന്തമാക്കിയതെന്നു സംശയിക്കുന്നു.
പോലീസ് ഇതുസംബന്ധിച്ച് എറണാകുളം പാസ്പോര്‍ട്ട് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണവിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുറ്റവാളികള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ പാസ്പോര്‍ട്ട് നേടിയതായാണു സൂചന. കഴിഞ്ഞ എട്ടിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. ഉന്നതര്‍ കുടുങ്ങുമെന്നതിനാലാണു നടപടി െവെകുന്നതെന്നും സൂചനയുണ്ട്.
Post Your Comments