UAEKeralaLatest News

കുപ്രസിദ്ധ ഗുണ്ടാതലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നെന്ന് വിശ്വസ്തന്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നെന്ന് വിശ്വസ്തന്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബിന്‍റെതാണ് വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തിനാണ് അനസ് ദുബായിലെത്തിയതെന്നും കൂട്ടത്തിലുണ്ടായിരുന്ന നാല് പേരെ വധിക്കാന്‍ പദ്ധതിയിട്ടതായും ഔറംഗസേബ് പറഞ്ഞു. അനസ് രാജ്യം വിട്ടതിൽ പൊലീസ് അന്വേഷണം തുടങ്ങി.

കൊലകുറ്റം, വധശ്രമം, ക്വട്ടേഷന്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ അനസ് പെരുമ്പാവൂര്‍, രണ്ട് വട്ടം കാപ്പ ചുമത്തിയ കുപ്രസിദ്ധ ഗുണ്ടാതലവനാണ്. കേസുകളിലെല്ലാം അന്വേഷണവും കോടതി നടപടികളും തുടരുന്നതിനിടെയാണ് അനസ് വിദേശത്തേക്ക് കടന്നെന്ന് ഉറ്റ സുഹൃത്തും നിരവധി കേസുകളില്‍ പ്രതിയുമായ ഔറംഗസേബിന്‍റെ വെളിപ്പെടുത്തൽ. പെരുമ്പാവൂരുകാരനായ അനസ് ബെംഗളൂരു മേല്‍വിലാസത്തില്‍ നിര്‍മിച്ചെന്ന് ആരോപിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റും, ആധാര്‍കാര്‍ഡും വ്യാജ പാസ്പോര്‍ട്ടും ഔറംഗസേബ് പരസ്യമാക്കി.

നേപ്പാള്‍ വഴിയാണ് അനസ് വ്യാജ പാസ്പോർട്ട് വഴി വിദേശത്തേക്ക് കടന്നതെന്നാണ് വെളിപ്പെടുത്തൽ. കേരളത്തില്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അനസും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അതില്‍ ലഭിച്ച പണം ഉപയോഗിച്ച് ദുബായില്‍ പുതിയൊരു സ്ഥാപനം തുടങ്ങിയിട്ടുണ്ടെന്നും ഔറംഗസേബ് വെളിപ്പെടുത്തി. അനസ് ദുബായിൽ തുടങ്ങിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തനിക്കൊപ്പം കൂട്ടത്തിലുണ്ടായിരുന്നു നാല് പേരെ വധിക്കാന്‍ അനസ് പദ്ധതിയിട്ടിരുന്നുവെന്നാണ് കൂട്ടാളിയായിരുന്ന ഔറംഗസേബ് പറയുന്നത്. കയ്യില്‍ എന്നും തോക്കുമായി നടക്കുന്ന അനസ് ദുബായില്‍ തുടരുന്നത് സ്വര്‍ണക്കടത്ത് ലക്ഷ്യമിട്ടാണെന്നും പുതയി സ്ഥാപനവും ആളുകളെ പറ്റിക്കാനുള്ളതാണെന്നും സുഹൃത്ത് പറയുന്നു. അതേസമയം അനസ് നാട് വിട്ടതില്‍ എറണാകുളം റൂറല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button