തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ മരിച്ചയാളുടെ രേഖകൾ ഉപയോഗിക്കുന്ന സംഘം പിടിയിൽ. വ്യാജ പാസ്പോർട് ഉണ്ടാക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേരാണ് തുമ്പ പോലീസിന്റെ പിടിയിലായത്. സംഘത്തിന് തട്ടിപ്പ് നടത്താൻ സഹായം ചെയ്തിരുന്നതായി കണ്ടെത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെ സസ്പെൻഡ് ചെയ്തു.
വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടാൻ ശ്രമിച്ചവരും അറസ്റ്റിലായി. കേസിൽ കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54), ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ ബദറുദ്ദിൻ (65) എന്നിവരെ വെള്ളിയാഴ്ചയും വർക്കല കണ്ണമ്പ ചാലുവിള നാദത്തിൽ സുനിൽകുമാർ (60), വട്ടപ്പാറ മരുതൂർ ആനിവില്ലയിൽ എഡ്വെർഡ് (62) എന്നിവർ ശനിയാഴ്ച അറസ്റ്റിലായി.
പാസ്‌പോർട്ട് വേണ്ടവരിൽനിന്നു പണം വാങ്ങി തുമ്പ പോലീസ് പരിധിയിലെ വ്യാജ മേൽവിലാസത്തിൽ പാസ്‌പോർട്ട് ഓഫീസിൽ അപേക്ഷ നൽകും. പരിശോധനാ നടപടികൾക്കായി സ്റ്റേഷനിൽ നൽകുമ്പോൾ അൻസിലിന്റെ സഹായത്തോടെ പാസാക്കി പാസ്‌പോർട്ട് ഓഫീസിലേക്ക് നൽകും. അൻസിൽ അല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ സ്വാധീനിച്ച് കടലാസുകൾ ശരിയാക്കും.
പാസ്‌പോർട്ട് ഓഫീസർക്ക് മേൽവിലാസങ്ങളിൽ സംശയം തോന്നിയപ്പോൾ വീണ്ടും പരിശോധിക്കാനായി തുമ്പ എസ്.എച്ച്.ഒ.യ്ക്കു നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒ. അൻസിൽ വ്യാജരേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് എടുക്കാൻ കൂട്ടുനിന്നതായി കണ്ടെത്തിയത്. പതിനേഴുവർഷം മുൻപ് മരിച്ച ആളുടെ വിവരങ്ങൾ ഉപയോഗിച്ച് പാസ്‌പോർട്ട് നിർമിക്കാൻ വ്യാജ രേഖകൾ നൽകിയതായും കണ്ടത്തിയിട്ടുണ്ട്. ഇത്തരത്തിൽ പത്തിലധികം കേസുകൾ ഉണ്ടായതായാണ് വിവരം.
Post Your Comments