Latest NewsNewsIndia

കേന്ദ്ര വീട്ടുവാടക അലവൻസ് കൂട്ടാൻ സാധ്യത

ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാർക്കു സന്തോഷം പകരുന്ന തീരുമാനം എടുക്കാൻ സാധ്യത. ജീവനക്കാരുടെ അലവൻസുകൾ പുതുക്കുന്നതു സംബന്ധിച്ചു അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും. ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയപ്പോൾ അലവൻസുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. നിലവിൽ അലവൻസുകൾ പുതുക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ സെക്രട്ടറിമാരുടെ ഉന്നതതല സമിതി മന്ത്രിസഭയ്ക്കു സമർപ്പിച്ചു. വീട്ടുവാടക അലവൻസിൽ (എച്ച്ആർഎ) വർധനയുണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം കഴിഞ്ഞു മടങ്ങിയെത്തിയശേഷമാകും തീരുമാനം ഉണ്ടാകുക. പരിഷ്കരിച്ച അലവൻസ് നടപ്പാകുന്നതുവരെ പഴയ നിരക്കാണു തുടരുന്നത്. ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്), കുറഞ്ഞ വേതനം, ഫിറ്റ്മെന്റ് ഫോർമുല എന്നിവയുടെ കാര്യത്തിലും കേന്ദ്രമന്ത്രിസഭ തീരുമാനമെടുക്കുമെന്നാണ് സൂചന.

ഏഴാം ശമ്പള കമ്മിഷൻ അലവൻസുകൾ വെട്ടിച്ചുരുക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിനു എതിരെ ജീവനക്കാരുടെ സംഘടനകളിൽനിന്നു ശക്തമായി പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് ഈ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറി അശോക് ലവാസയെ ചുമതലപ്പെടുത്തിയിരുന്നു. ലവാസ സമിതി ഏപ്രിൽ 27നു സമർപ്പിച്ച റിപ്പോർട്ട് സെക്രട്ടറിമാരുടെ ഉന്നതതല സമിതിയുടെ ശുപാർശകളോടെയാണു മന്ത്രിസഭ പരിഗണിക്കുന്നത്.
എ.കെ.മാത്തൂർ അധ്യക്ഷനായ ഏഴാം ശമ്പള കമ്മിഷൻ വീട്ടുവാടക അലവൻസിൽ നേരിയ കുറവു വരുത്തിയിരുന്നു.

47 ലക്ഷം കേന്ദ്രജീവനക്കാർക്ക് പ്രയോജനം ലഭിക്കും

ബത്ത പരിഷ്കരണം നടപ്പായാൽ അത് പ്രയോജനപ്പെടുക 47 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കാണ്. ജീവനക്കാരുടെ നിലവിലുള്ള 196 അലവൻസുകൾ വെട്ടിക്കുറയ്ക്കണം എന്നായിരുന്നു ഏഴാം ശമ്പള കമ്മിഷൻ ശുപാർശ. 52 അലവൻസുകൾ നിർത്തലാക്കണം. 36 അലവൻസുകളെ മറ്റുള്ളവയുമായി സംയോജിപ്പിക്കണം എന്നും ഏഴാം ശമ്പള കമ്മിഷൻ ശുപാർശ ചെയ്തു. ഇത് അലവൻസുകളുടെ എണ്ണത്തിൽ കുറവു വരുത്തി. 196 അലവൻസുകൾ ഉണ്ടായിരുന്നത് 108 ആയി ചുരുങ്ങി. വെട്ടിക്കുറച്ച അലവൻസുകൾ പരിഷ്കരിച്ചു നടപ്പാക്കുന്നതു സംബന്ധിച്ചാണ് കേന്ദ്രസർക്കാർ ഈയാഴ്ച തീരുമാനം എടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button