ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ. നാല് ശതമാനം അധിക ക്ഷാമബത്തയാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. ഇതിനായി ഉത്തരവിറക്കുന്നത് കേന്ദ്രം വൈകിപ്പിക്കും. കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ പ്രതീക്ഷിക്കണം എന്ന മുന്നറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും നൽകി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് കൂടുതൽ പണം നീക്കിവെക്കേണ്ട സാഹചര്യത്തിൽ ഈ തീരുമാനം തൽക്കാലം മരവിപ്പിക്കും. ക്ഷാമബത്ത കൂട്ടാൻ തീരുമാനിച്ചെങ്കിലും അതിനായുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊവിഡ് കാലത്തിന് ശേഷമേ പ്രതീക്ഷിക്കേണ്ടതുള്ളു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17ൽ നിന്ന് 21 ശതമാനമായി കൂട്ടാൻ മാര്‍ച്ച് 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇപ്പോൾ ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥിര അലവൻസുകളിൽ മാറ്റമില്ല. എന്നാൽ സ്ഥിര അലവൻസിന് പുറമെയുള്ള പ്രത്യേക അലവൻസുകളും കുറച്ചുകാലത്തേക്ക് നൽകില്ല. ഇക്കാര്യം അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും കത്തയച്ചു. മന്ത്രാലയങ്ങൾ വാര്‍ഷിക ബജറ്റിൽ അഞ്ച് ശതമാനം വീതം മാത്രമെ ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളിൽ ചിലവാക്കാൻ പാടുള്ളു.
Post Your Comments