ന്യൂഡല്‍ഹി: കോഹ്‌ലിയും കുംബ്‌ളേയും തമ്മില്‍ തര്‍ക്കം രൂക്ഷം. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന മൂന്നംഗ സംഘത്തെ മധ്യസ്ഥരായി ചുമതലപ്പെടുത്തിയെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമിന്റെ കാര്യം ഉള്‍പ്പെടെ കുംബ്‌ളേയും കൊഹ്‌ലിയും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെന്നും ധര്‍മ്മശാലയില്‍ കോഹ്‌ലിക്ക് പരിക്കേറ്റ് വിട്ടു നിന്നപ്പോള്‍ പകരക്കാരനായി ബൗളര്‍ കുല്‍ദീപ് യാദവിനെ കുംബ്‌ളേ ഉള്‍പ്പെടുത്തിയത് കോഹ്ലിക്ക് ഇഷ്ടമായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം തന്നെ അറിയിച്ചില്ല എന്നാണ് കോഹ്‌ലിയുടെ പരാതി.
കുംബ്‌ളേ പരിശീലകനായിരിക്കുന്നതില്‍ കൊഹ്‌ലി ഉള്‍പ്പെടെയുള്ള ചില സീനിയര്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും കടുത്ത ഇടപെടല്‍ നടത്തുന്ന കുംബ്‌ളേയ്ക്ക് കീഴില്‍ സീനിയര്‍ താരങ്ങള്‍ അതൃപ്‍തരാണെന്നും ഇവര്‍ രവിശാസ്ത്രിയുടെ പരിശീലനരീതിയോട് ആഭിമുഖ്യം കാണിക്കുന്നവരാണെന്നും കുംബ്‌ളേയുടെ താല്‍ക്കാലിക കാലാവധി പൂര്‍ത്തിയായാല്‍ രവിശാസ്ത്രിയെ പരിശീലകനാക്കണമെന്നുമാണ് ഇവരുടെ ആവശ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
താല്‍ക്കാലിക പരിശീലകനായി അവസാനിക്കുന്ന കുംബ്‌ളേയുടെ കാലാവധി 2019 ലോകകപ്പ് വരെ ആക്കാനുള്ള കാര്യം ബിസിസിഐ ആലോചിച്ചുകൊണ്ടിരിക്കെയാണ് ഈ പടലപിണക്കം. പ്രശ്‌നം മൂന്നംഗ ഉപദേശകസമിതിയുമായി സുപ്രീംകോടതി പുതിയതായി ബിസിസിഐ ചുമതലയ്ക്കായി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments