ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ പുതിയ ഭീകരസംഘടനയ്ക്കു രൂപം നൽകാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകി. ഹിസ്ബുൽ മുജാഹിദ്ദീൻ മുൻ കമാൻഡർ സാക്കിർ മൂസയെ തലപ്പത്തുകൊണ്ടുവരുന്ന തരത്തിലുള്ള പദ്ധതികളാണ് തയാറാക്കുന്നത്. പാക്കിസ്ഥാൻ 1990ൽ കശ്മീരിൽ നടപ്പാക്കിയ തന്ത്രം വീണ്ടും പ്രയോഗിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ഐഎസ് പാതകയോടു സാമ്യമുള്ള പതാകയുമായി ഈമാസം മൂന്ന്, നാല് തീയതികളിൽ മുഖം മൂടി ധരിച്ച ഒൻപതു ഭീകരർ നിൽക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ ലഷ്കറെ തയിബ കമാൻഡർ സലാഹുദ്ദീൻ ഈ ചിത്രങ്ങൾ നിഷേധിച്ചിരുന്നു. ഐഎസുമായി ബന്ധപ്പെട്ടു തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും അവരുടെ പതാക വീശുന്നവർ അവ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഘടനവാദി നേതാക്കളായ സയിദ് അലി ഷാ ഗിലാനി, മിർവായിസ് ഉമർ ഫറൂഖ്, യാസിൻ മാലിക് എന്നിവരും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തെ എതിർക്കുന്നുണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ശ്രീനഗറിലെ ലാൽ ചൗക്കിലുള്ള വിഘടനവാദി നേതാക്കളുടെ തലയറക്കുമെന്നു മൂസ ശബ്ദസന്ദേശത്തിൽ വ്യകതമാക്കിയിരുന്നു. പുതിയ സംഘടന ശരിയത്ത്, ഷഹാദത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയാകും പ്രവർത്തിക്കുകയെന്നും മൂസ വ്യക്തമാക്കി. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി മുസ്‌ലിംകൾ ഒന്നിക്കണമെന്നതാണ് പാക്കിസ്ഥാനി ഏജൻസികളുടെ നിലപാടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
Post Your Comments