ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങിയതായി സൂചന. ഇതിന്റെ ഭാഗമായി ഒരു ‘രാസായുധ സെല്ലി’ന് ഐഎസ് രൂപം നൽകിയതായാണ് വിവരം. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണു സെൽ രൂപീകരിച്ചിരിക്കുന്നത്. ഭീകരർ വ്യാപകമായ തോതിൽ രാസായുധ ആക്രമണത്തിനു തുനിഞ്ഞാൽ അതു വൻതോതിൽ അപകടം സൃഷ്ടിക്കുമെന്നാണു ഭയം.
മധ്യപൂർവേഷ്യയിലെ സ്വാധീന മേഖലകളിൽനിന്നു വിദഗ്ധരെ കൊണ്ടുവന്നു രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഐഎസ് തയ്യാറാകുകയാണെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിലെ മയാദീനും അൽ ഖയിമിനും ഇടയിലുള്ള പ്രദേശം ആസ്ഥാനമാക്കിയാണ് പുതിയ സെല്ലിനു തുടക്കം കുറിച്ചിരിക്കുന്നത്.
ഈ മേഖലയിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി ഉൾപ്പെടെ ആയിരക്കണക്കിന് ഐഎസ് ഭീകരർ തമ്പടിച്ചിരിക്കുന്നതായാണു വിവരം. യുഎസ് അധികൃതരുടെ കണക്കനുസരിച്ച് ഈ മാസം ഏപ്രിൽ 14നുശേഷം പശ്ചിമ മൊസൂളിലും പരിസരപ്രദേശങ്ങളിലുമായി ഐഎസ് ഭീകരർ പതിനഞ്ചിലധികം രാസായുധ ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. രാസായുധ സെൽ സജീവമാകുന്ന പക്ഷം ആക്രമണങ്ങളുടെ തോതും ശക്തിയും വർധിച്ചേക്കുമെന്നാണു ഭയം.
Post Your Comments