പൊള്ളാച്ചി: ട്രെയിൻ പാളംതെറ്റി. തിരുനെല്‍വേലിയില്‍നിന്ന് പുണെക്കുള്ള പ്രത്യേകതീവണ്ടിയാണ് പൊള്ളാച്ചിക്കടുത്ത് പാളംതെറ്റിയത്. ചൊവ്വാഴ്ച രാത്രി 9.50ഓടെ എന്‍ജിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്മെന്റുകളുമാണ് പാളംതെറ്റിയത്. ആര്‍ക്കും കാര്യമായി പരിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു.
വണ്ടി ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയാണ് പൊള്ളാച്ചിവിട്ടത്.അപകടം നടന്നത് പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ സോയാബീന്‍ കമ്പനിക്കടുത്താണ്. റെയില്‍പാതയോരത്തുനിന്ന വന്മരം കടപുഴകിവീണതാണ് അപകടത്തിന് കാരണമായത്.
മരം ഇടിച്ചുതകര്‍ത്ത് മുന്നോട്ടുനീങ്ങിയ എന്‍ജിനും ആദ്യത്തെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെ ഏഴ് ബോഗികളും പാളംതെറ്റി. ഇവയിലെ യാത്രക്കാരെ പാളംതെറ്റാത്ത ബോഗികളിലേക്ക് മാറ്റി. അര്‍ധരാത്രിക്കുശേഷം ഷൊര്‍ണൂരില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേകവണ്ടിയെത്തി.
മരം മുറിച്ചുമാറ്റി ബോഗികള്‍ നീക്കിയാലേ ഇതിലൂടെ ഗതാഗതം പുനരാരംഭിക്കാനാവൂ. ഇതുമൂലം ബുധനാഴ്ച പുലര്‍ച്ചെ ഓടേണ്ടിയിരുന്ന തിരുച്ചെന്തൂര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോചെയ്യും.
Post Your Comments