NattuvarthaNews

മാലമോഷണം: നാടോടികളായ അമ്മയും മകളും അറസ്റ്റിൽ

സുജിൻ വർക്കല

വർക്കല•ആട്ടോറിക്ഷയിൽ ലിഫ്റ്റു ചോദിച്ച് വീട്ടമ്മയോടൊപ്പം കയറിയ നാടോടികളായ അമ്മയും മകളും വീട്ടമ്മയുടെ രണ്ട് പവൻ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് പൊലീസ് സ്റ്റേഷനു സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശികളായ കാളിയമ്മ (38), മകൾ ദിവ്യ (21) എന്നിവരെയാണ് പൊലീസിൽ ഏല്പിച്ചത്.

അയന്തി വലിയമേലതിൽ ക്ഷേത്രത്തിനു സമീപം ശ്യാംനിവാസിൽ രാജമ്മയുടെ (75) മാലയാണ് അമ്മയും മകളും ചേർന്ന് പൊട്ടിച്ചെടുത്തത്. ഏറെനേരം ബസുകാത്തുനിന്ന വീട്ടമ്മ അതുവഴി വന്ന ഓട്ടോയ്ക്ക് കൈകാണിക്കുകയും അയന്തിയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബസ് സ്റ്റോപ്പിൽ ഇത് കേട്ടുനിന്ന അമ്മയും മകളും ഞങ്ങളും അങ്ങോട്ടേക്കാണെന്ന് പറഞ്ഞ് കയറിക്കൂടുകയും അയന്തിയിൽ ഇറങ്ങാൻനേരത്ത് മാല പൊട്ടിച്ച് ബസിൽകയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറും നാട്ടുകാരും ചേർന്ന് ഇരുവരെയും പിടികൂടി. നാടോടികളുടെ പതിവ് രീതിയാണിതെന്നും ബസ് സ്റ്റോപ്പുകളിൽ കാത്തു നിന്ന് യാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുകയാണ് രീതിയെന്നും പൊലീസ് പറഞ്ഞു.

ആറ്റിങ്ങൽ, പോത്തൻകോട് എന്നിവിടങ്ങളിൽ അടുത്തിടെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാലക്കാട് സ്വദേശികളായ അമ്മയും മകളും പരവൂരിൽ റെയിൽവേ പുറമ്പോക്കിലാണ് താമസം. കൂടുതൽ അന്വേഷണം നടന്നുവരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button