തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു. വിനോദ സഞ്ചാര വകുപ്പിന്റേയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്.
100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ് ഫ്ളോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമായി കാഴ്ചകൾ ആസ്വദിക്കാൻ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിട്ടുണ്ട്. ഒരേസമയം മുന്നൂറ് ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനം ഉണ്ടാകും. കേരളത്തിൽ വാട്ടർ സ്പോർട്സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ളോട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Post Your Comments