മുംബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മുന്‍ ബിസിസിഐ അധ്യക്ഷനായ എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്‌സ് കമ്പനിയിലെ ജീവനക്കാരനാണെന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി.
ധോണി ഏതെങ്കിലും ഒരു കമ്പനിയുടെ ജീവനക്കാരനായിരിക്കുക എന്നത് സാധാരണഗതിയില്‍ ഒരു വിഷയമേ ആകേണ്ടതല്ല. ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ അവര്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വിലക്കിയിട്ടുമില്ല. എന്നാല്‍ ലളിത് മോദി തെളിവ് സഹിതം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സത്യമാണെന്ന് വന്നാല്‍ അത് ധോണിക്ക് വന്‍ കുടുക്കാകും. കാരണം, ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ധോണി, താന്‍ ഇന്ത്യ സിമന്റ്‌സ് ജീവനക്കാരനല്ലെന്ന് വ്യക്തമാക്കിയിരുന്നു. ധോണിയുടെ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെതിരേ നിയമനടപടികള്‍ക്കുവരെ സാധ്യതയുണ്ട്.
ധോണി ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ കമ്പനി ജീവനക്കാരനാണെന്നതിനുള്ള തെളിവായി ഇന്ത്യാ സിമന്റ്‌സ് കമ്പനി, ധോണിയെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി നിയമിച്ചുകൊണ്ട് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പാണ് ലളിത് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ലളിത് മോദി പുറത്തുവിട്ടിരിക്കുന്ന കരാര്‍ പ്രകാരം 2012 ജൂലൈ 29 മുതല്‍ ധോണി കമ്പനിയിലെ ജീവനക്കാരനാണ്. ഗ്രേഡ് അഞ്ച് വിഭാഗത്തിലെ ജീവനക്കാരനായ ധോണിയുടെ പ്രതിമാസ ശമ്പളം കരാറില്‍ പറഞ്ഞിരിക്കുന്നത് 43,000 രൂപയാണ്.
ഇന്ത്യാ സിമന്റ്‌സ് കമ്പനിയുടെ ഐപിഎല്‍ ടീമായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്നു എം.എസ്. ധോണി. ഐപിഎല്‍ കോഴ വിവാദമുണ്ടായ സമയത്ത് ധോണി ഇന്ത്യാ സിമന്റ്‌സിലെ ജീവനക്കാരാണെന്ന വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം വാര്‍ത്ത നിഷേധിക്കുകയായിരുന്നു.ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് സുപ്രീംകോടതി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിലക്കുന്നത് വരെ ധോണി ടീമിന്റെ നായകനായി തുടര്‍ന്നിരുന്നു. തുടര്‍ച്ചയായി എട്ട് വര്‍ഷമാണ് ധോണി ടീമിന്റെ നായകപദവി വഹിച്ചത്.
ശ്രീനിവാസന്റെ മരുമകനായിരുന്ന ഗുരുനാഥ് മെയ്യപ്പനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചുമതലയുണ്ടായിരുന്നത്. കോഴ വിവാദത്തില്‍ ഗുരുനാഥ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വിവാദത്തിന്റെ ഒരു ഘട്ടത്തില്‍ ധോണിക്കും അദ്ദേഹത്തിന്റെ ഭാര്യക്ക് നേര്‍ക്കുംവരെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു. സൂപ്രീംകോടതി കേസില്‍ ഇടപെടുകയും തുടര്‍ന്ന് ബിസിസിഐയുടെ തലപ്പത്ത് നിന്ന് ശ്രീനിവാസന് മാറേണ്ടിവരുകയും ചെയ്തു. ബിസിസിഐയുടെ നേതൃത്വം സുപ്രീംകോടതി നിര്‍ദേശിച്ച സമിതി ഏറ്റെടുക്കുന്നതുവരെയെത്തി ഒത്തുകളി വിവാദം.
കോഴക്കേസുമായി ബന്ധപ്പെട്ട് ചെന്നൈ ടീമിനെ വിലക്കിയതോടെ രംഗപ്രവേശനം ചെയ്ത പൂനെ സൂപ്പര്‍ജയന്റ്‌സിലാണ് ധോണി ഇപ്പോള്‍ കളിക്കുന്നത്. കഴിഞ്ഞസീസണില്‍ ധോണിയായിരുന്നു നായകനെങ്കിലും ധോണിയുടെയും ടീമിന്റെയും പ്രകടനം മോശമായിരുന്നു. ഈ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പായി ടീം മാനേജ്‌മെന്റ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ നായകനാക്കി. ചെന്നൈ ടീമിനെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് വന്നിരുന്നു.
Post Your Comments