കുവൈത്ത് സിറ്റി: കുവൈറ്റിലേ നേഴ്സുമാർക്ക് സന്തോഷവാർത്ത. വേതനം പാശ്ചാത്യ നാടുകളിലേതിനു തുല്യമാക്കാൻ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കൗണ്‍സില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തോട് വേതന വർദ്ധനവിന് നിർദ്ദേശം നല്കി. ആരോഗ്യ മന്ത്രാലയത്തിനേക്കാൾ അധികാരമുള്ളതാണ് സുപ്രീം കൗൺസിൽ. സർക്കാരിന്റെ ഉന്നത ആസൂത്രണ സമിതിയാണ്. നയപരമായ തീരുമാനങ്ങൾ സ്വീകരിക്കുന്നത് ഈ സമിതിയാണ്. അതിനാൽ തന്നെ വേതന വർദ്ധനവ് ഉണ്ടാകും എന്നുറപ്പാണ്.
നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശരാശരി ശമ്പളം ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്. പാശ്ചാത്യ നാടുകളിൽ നേഴ്സുമാർക്ക് ലഭിക്കുന്നത് കുവൈറ്റിൽ ലഭിക്കുന്ന വേതനത്തിന്റെ ഇരട്ടിയിലധികമാണ്. അതായത് 2.5 ലക്ഷത്തിലധികം. ഇത്രയും തുക കുവൈറ്റിൽ വേതനം വർദ്ധിപ്പിക്കില്ല.
ഒരു ജീവനക്കാരന് ബാങ്ക് അക്കൗണ്ടിൽ എത്തുന്ന തുകയും ചിലവുകളും ജീവിത സാഹചര്യവും എല്ലാം കണക്കിലെടുത്താകും വേതന വർദ്ധനവ്. പാശ്ചാത്യ നാടുകളിൽ 20% മുതൽ 40% ത്തിനു മുകളിൽ ലഭിക്കുന്ന വേതനത്തിനു നികുതി കൊടുക്കണം. മാത്രമല്ല വാടകയും ജീവിത ചിലവും വൻ തുകയാണ്. വിമാന ടിക്കറ്റ്, താമസ വാടക ആനുകൂല്യം എന്നിവയില്ല. എന്നാൽ കുവൈറ്റിൽ നേഴ്സുമാർക്ക് ഇതിൽ പല ആനുകൂല്യവും ലഭിക്കുന്നുണ്ട്. അതായത് കുവൈറ്റിൽ 25% വേതന വർദ്ധനവ് നടപ്പിലാക്കിയാൽ പോലും പാശ്ചാത്യ രാജ്യങ്ങളിലേ നേഴുമാർക്ക് കൈയ്യിൽ ലഭിക്കുന്ന വരുമാനത്തേക്കാൾ അധികം വരും.
കുവൈറ്റിലേ നേഴ്സുമാർക്ക് മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവധി, രോഗം വന്നാലുള്ള വേതനത്തോടു കൂടിയുള്ള അവധി ഇതെല്ലാം രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കും. ആരോഗ്യമേഖലയില്‍ നിര്‍ണ്ണായകമായ സേവനപാരമ്പര്യമുള്ള രാജ്യങ്ങളില്‍ നിന്ന് മാത്രമേ പുതിയ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂ. നിലവാരവും യോഗ്യതയുമുള്ള പരിചയസമ്പന്നരായ നഴ്സുമാരെയാണ് രാജ്യത്തിനാവശ്യം.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന നഴ്സുമാരില്‍ ബഹുഭൂരിപക്ഷമുള്ള മലയാളികളായതിനാൽ ഈ തീരുമാനം ഏറെ ആശ്വാസകരമാണ്. എന്നാൽ കുവൈറ്റിലേക്ക് ഇനി വരുന്നവർക്ക് രാജ്യാന്തിര നിലവാരത്തിലുള്ള കർശനമായ റിക്രൂട്ട്മെന്റ് സംവിധാനം വരുന്നതും നിലവിൽ ഇന്ത്യയിൽ നിലനില്‍ക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള് റിക്രൂട്ട്മെന്റ് തടസങ്ങളും കുവൈറ്റ് മോഹം സ്വപ്നം കണ്ട് കേരളത്തിൽ കഴിയുന്നവർക്ക് തിരിച്ചടിയുമാകും. ഇപ്പോൾ കുവൈറ്റിൽ നേഴ്സ് ജോലി കിട്ടുക എന്നത് മലയാളികൾക്കും ഇന്ത്യക്കാർക്കും വളരെ ബുദ്ധിമുട്ടാണ്. ഒഴിവുകൾ ധാരാളം ഉണ്ട്. ഇന്ത്യൻ നേഴ്സുമാർക്ക് അവസരവും അംഗീകാരവും ഉണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ റിക്രൂട്ട്മെന്റ് വ്യവസ്ഥകളാണ് എല്ലാവർക്കും പാരയായത്.
Post Your Comments