തിരുവനന്തപുരം: ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടുന്നതു വരെ സമരം ചെയ്യുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. തങ്ങളുടെ സമരത്തെ ജിഷ്ണുവിനെ സ്നേഹിക്കുന്ന എല്ലാവരും പിന്തുണക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡിജിപിയുടെ ഓഫീസിന് മുമ്പില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന നിരാഹാരത്തിനായി തിരുവനന്തപുരത്ത് എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ.
ഇന്നലെ നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസിന്റെ അറസ്റ്റ് ചെയ്തത് വെറും നാടകമാണെന്നും മഹിജ ആവർത്തിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക, കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുംവരെ സമരം ചെയ്യുമെന്നും, സമരത്തിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റ് ചെയ്തോട്ടെയെന്നും അവര്‍ പറഞ്ഞു.
എന്നാൽ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തിനു മുന്നിൽ ജിഷ്ണുവിന്റെ കുടുംബത്തെ സമരം ചെയ്യാൻ അനുവദിക്കില്ലെന്നു പോലീസ് അറിയിച്ചു. സമരം ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments