തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, രാജ്‌ഭവൻ എന്നിവയ്ക്കു മുന്നിലുള്ള സമരം, പ്രതിഷേധം എന്നിവ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രിയും പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായരുമാണ് ഹർജി നൽകിയിരിക്കുന്നത്. യോഗം, പ്രതിഷേധം, പ്രകടനം, സമരം തുടങ്ങിയവ നടത്തുന്നതിനായി പ്രത്യേക സ്ഥലം തീരുമാനിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഹർജി കോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ പാതയോരത്തെ സമ്മേളനവും മറ്റും നിരോധിച്ച് കോടതിവിധിയുള്ളതാണ്. സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോടു ചേർന്നുള്ള നടപ്പാതയ്ക്കരികിലെ സമരവും പ്രതിഷേധവുമൊക്കെ ആ വഴിയുള്ള കാൽനട യാത്രക്കാരേയും സമീപത്തെ കച്ചവടക്കാരേയും ബാധിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിനും രാജ്‌ഭവനും മുന്നിലെ സമരവും മറ്റും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കാൻ സർക്കാരിനോടും പോലീസിനോടും നിർദേശിക്കണമെന്നാണ് ഇവർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments