അങ്ങനെ കണ്ണൂരിന് പുറത്തേക്ക് സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ വളര്‍ന്നു തുടങ്ങിയിരിക്കുന്നു. മൂന്നാറില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ഇക്കാനഗര്‍ എന്ന പേരില്‍ പാര്‍ട്ടി ഗ്രാമം രൂപംകൊണ്ടതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. സര്‍ക്കാര്‍ ഭൂമി കൈയേറി സൃഷ്ടിച്ച ഈ പാര്‍ട്ടിഗ്രാമത്തില്‍ സ്വന്തമായി വീടുള്ളവരില്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനും ഉണ്ടെന്നാണ് ഇന്നത്തെ മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂവകുപ്പ് മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ കൈയേറ്റ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സ്ഥലമാണ് കൈയേറിയിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിയില്‍ മുന്‍ ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അണികളുമെല്ലാം കെട്ടിടങ്ങള്‍ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാനഗറിലെ സിപിഎം പാര്‍ട്ടി ഓഫീസിന് പിന്‍ഭാഗത്തെ പത്തേക്കറോളം ഭൂമി സിപിഎം നേതാക്കളുടെതാണ്. ചിലര്‍ കൈയ്യേറിയ ഭൂമി മറിച്ചുവിറ്റു കോടികള്‍ സമ്പാദിച്ചതായും ഇത്തരം കൈയേറ്റങ്ങള്‍ പുറത്തുവരുമെന്നു ഭയന്നാണ് റവന്യൂവകുപ്പിനെതിരെ ദേവികുളത്ത് സിപിഎം പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തതെന്നുമാണ് ആക്ഷേപം ഉയരുന്നത്.
ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാം മാടമ്പിയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ആരോപിക്കുന്നു. കൈയേറ്റത്തിന്റെ പേരില്‍ എസ് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തുവന്നതോടെയാണ് ഇടതുപാര്‍ട്ടികളിലെ തര്‍ക്കം രൂക്ഷമാകുന്നത്. സബ് കലക്ടര്‍ ശ്രീറാമിന് മികച്ച പിന്തുണയുമായി സിപിഐ രംഗത്തുണ്ട്. മൂന്നാറില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാമിനെ മാറ്റില്ലെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ കൈയേറ്റ ആരോപണം നേരിടുന്ന പ്രദേശത്തെ സി.പി.എം നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഇടുക്കിയില്‍നിന്നുള്ള സി.പി.എം മന്ത്രി എം.എം മണിയും സബ് കലക്ടര്‍ക്കെതിരേ രംഗത്തുവന്നിട്ടുണ്ടെങ്കിലും റവന്യൂ വകുപ്പ് മണിയെയും തള്ളിയിരിക്കുകയാണ്.
സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുക എന്നത് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നു റവന്യൂമന്ത്രി മൂന്നാറിലെ സിപിഎം നേതാക്കളുടെ മുന്നില്‍വച്ചുതന്നെ മാധ്യമങ്ങളോട് പറഞ്ഞതും അവര്‍ക്ക് ക്ഷീണമായി. അതേസമയം സിപിഐ പൂര്‍ണമായും ഇടഞ്ഞതോടെ കൈയേറ്റ ഭൂമി സംരക്ഷിക്കാന്‍ ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സിപിഎം നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ തടയുകയാണ് ഉദ്ദേശ്യം. ഇക്കാനഗറിന്റെ സംരക്ഷണത്തിനായി ഒരു വശത്ത് പ്രത്യക്ഷ സമരവും മറുവശത്ത് ക്വട്ടേഷന്‍ സംഘത്തെയും നിയോഗിച്ചാണ് സിപിഎം പ്രതിരോധത്തിന് ഇറങ്ങിയിരിക്കുന്നത്.
Post Your Comments