കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസിനെ (30) കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ചൂരി പഴയ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കിടന്നിരുന്ന റിയാസിനെ വാഹനത്തിെലത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടെയുണ്ടായിരുന്ന ആൾ പറയുന്നത് ഇങ്ങനെ,
“പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാർ അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായതോടെ മുറിയടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അനൗണ്‍സ് ചെയ്യുകയും നാട്ടുകാര്‍ എത്തിയപ്പോള്‍ റിയാസിനെ കഴുത്തറുത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു” എന്നാണ്.
കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. സംഭവം നടന്നയുടന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളടക്കം പരിശോധിച്ചിരുന്നു.വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമാണ് കൊലപാതകത്തിനു പിന്നിലെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്തെത്തിയ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അതേസമയം കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോഡ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന് രാത്രിതന്നെ കാസര്‍കോട്ടെത്തി. ഇന്ന് കാസര്‍കോഡ് നിയോജകമണ്ഡലത്തില്‍ ഹര്‍ത്താലിന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്തു.
Post Your Comments