തൊടുപുഴ: ബി.ജെ.പിയുടെ മാനസപുത്രനാണ് ഡി.ജി.പിയെങ്കിലും പിണറായി വിജയൻ തുടരാൻ അനുവദിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പി.ടി തോമസ് എം.എല്‍.എ. ലാവലിന്‍ കേസില്‍ ഹാജരാവുന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഡി.ജി.പി.യുമായി കൂടിക്കാഴ്ച നടത്തിയതു ഗൂഢാലോചനയ്ക്കാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് പറഞ്ഞു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആരോപിച്ചത്. പഴയ സി.ബി.ഐ. ഡയറക്ടറായിരുന്നതിനാല്‍ കേസിന്റെ നിര്‍ണായകരേഖകളും രഹസ്യങ്ങളും ബെഹ്‌റയുടെ പക്കലുണ്ട്. കേസ് ജയിച്ചാലുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബെഹ്‌റയെ പുറന്തള്ളുമെന്ന് പി.ടി തോമസ് പറയുന്നു.
ഈ കേസ് മൂലമാണ് നാഴികയ്ക്കു നാല്പതുവട്ടം ബി.ജെ.പി.യെ കുറ്റപ്പെടുത്തുന്ന പിണറായി ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും മാനസപുത്രനായ ഡി.ജി.പി.യെ സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്നത്. മുമ്പ് സര്‍ക്കാരിനുവേണ്ടി ഹാജരായ സാല്‍വെ ഇന്ന് മുഖ്യപ്രതിയായ പിണറായി വിജയനുവേണ്ടി ഹാജരാകുമ്പോള്‍ ഡി.ജി.പി. ഹോട്ടലില്‍ സന്ധിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരേകേസില്‍ വാദിക്കും പ്രതിക്കുംവേണ്ടി ഒരേ അഭിഭാഷകന്‍ ഹാജരാവുന്ന വിചിത്രമായ രീതിയാണ് ഇവിടെ കാണുന്നത്. ഇത് അഭിഭാഷകധാര്‍മികതയ്ക്കുതന്നെ കോട്ടമുണ്ടാക്കുന്നു.
ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ മന്ത്രിസഭയാണു നടത്തിയതെന്ന് സാല്‍വെ വാദിക്കുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാന്‍ ശ്രമിക്കുന്ന പിണറായി സി.പി.എമ്മിന്റെ ചരിത്രത്തെത്തന്നെ വെല്ലുവിളിക്കുകയാണ്. ആഗോള ടെണ്ടര്‍ മാനദണ്ഡങ്ങള്‍ കരാറില്‍ പാലിച്ചിട്ടില്ലെന്നതു വ്യക്തമാണ്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പിണറായി മറികടന്നതെന്തിനെന്നതു ദുരൂഹമാണ്. വകുപ്പ് സെക്രട്ടറി മോഹനചന്ദ്രനെ ചുമതലപ്പെടുത്തിയത് ആരാണ്? പിണറായിയുടെ സാന്നിദ്ധ്യത്തിലാണ് ഗൂഢാലോചന നടന്നത്. കാന്‍സര്‍ സെന്ററിന് ഈയിനത്തില്‍ ഇന്നേവരെ പണമൊന്നും ലഭിച്ചിട്ടില്ല.
സി.ബി.ഐ. സംഘം തെളിവെടുപ്പിനായി പന്നിയാര്‍ പവര്‍ ഹൗസ് സന്ദര്‍ശിക്കുന്നതിന്റെ തലേന്ന് അവിടെ വന്‍ സ്‌ഫോടനം നടന്നു. ഇത് സന്ദര്‍ശനം ഒഴിവാക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുംവേണ്ടിയായിരുന്നു. സംഭവത്തിന്റെ ദുരൂഹത ഇന്നും മാറിയിട്ടില്ല. ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ പിണറായി ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയതുതന്നെ, അദ്ദേഹം സംശയസ്ഥാനത്താണെന്നത് ഉറപ്പിക്കുന്നു.
Post Your Comments