ജയ്പൂര്‍: പുകയില വിരുദ്ധ പ്രചരണത്തിന്റെ ബ്രാന്‍ഡ് അബാസിഡറായി 12 വയസ്സുള്ള പെണ്‍കുട്ടിയെ തെരഞ്ഞെടുത്തു. രാജസ്ഥാനിലെ ഹനുമന്‍ഗറിലെ ആരോഗ്യ വിഭാഗമാണ് പന്ത്രണ്ട് വയസ്സുള്ള കാശിഷിനെ ജില്ലയിലെ പുകയില വിരുദ്ധ ക്യാംപെയിന്റെ അബാസിഡറായി തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ പിതാവിന്റെ പുകയില ഉപയോഗത്തെ തടയുന്നതിനുവേണ്ടി എഴുതിയ കത്തിലൂടെയാണ് കാശിഷിനെ ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതും അബാസിഡറായി തെരഞ്ഞെടുത്തതും.
കാശിഷ് പിതാവിനുള്ള കത്തെഴുതുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. കത്തിനെ പറ്റി കാശിഷിന്റെ അയല്‍വാസിയിലൂടെയാണ് ആരോഗ്യ കേന്ദ്രത്തിന് അറിവ് ലഭിക്കുന്നത്. ഞാന്‍ അച്ഛന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമ്പോള്‍ അച്ഛന്‍ എന്റെ ഒപ്പം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം പുകയില ദിവസേന ഉപയോഗിക്കുന്നവര്‍ ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്ക് അറിയാം എന്ന് തുടങ്ങുന്നതായിരുന്നു കാശിഷിന്റെ കത്ത്.
ഫലവത്തായ മാറ്റങ്ങള്‍ ഓരോ വ്യക്തിയിലും ഉണ്ടാക്കുന്ന വാചകങ്ങളാണ് കത്തിലുള്ളതെന്നും അതുകൊണ്ടുതന്നെയാണ് പന്ത്രണ്ട് വയസ്സുള്ള ഈ മിടുക്കിയെ ഇത്തരമൊരു ക്യാംപെയിന് വേണ്ടി തെരഞ്ഞെടുത്തതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. രാജ്യത്ത് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ വിപത്താണ് പുകയില ഉപയോഗമെന്നും അതിനെ തടയേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും വിഭാഗം കൂട്ടിചേര്‍ത്തു.
Post Your Comments