ന്യൂഡല്‍ഹി : ദൂരപരിധി ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമല്ലെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം. ദേശീയ സംസ്ഥാന പാതയോരത്ത് മദ്യവില്പന ശാലകള്‍ക്ക് സുപ്രീംകോടതി നിശ്ചയിച്ച ദൂരപരിധിയെക്കുറിച്ചാണ് നിയമോപദേശം. മിക്ക ബാറുകളിലും ഭക്ഷണശാലകള്‍ അടക്കം ഇരുന്ന് കഴിക്കാനുള്ള സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവിലെ അവ്യക്തത നീക്കാനാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഒരുമാസത്തിനകം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം.
ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പന കേന്ദ്രങ്ങള്‍ മാത്രമാണ്, വില്പനശാല എന്ന നിര്‍വചനത്തിന് കീഴില്‍ വരികയെന്നുമാണ് അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഹൈവേകളില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതിന് പാതയോരത്തെ മദ്യശാലകള്‍ വലിയൊരു കാരണമാണെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി മദ്യശാലകള്‍ക്ക് ദൂരപരിധി നിശ്ചയിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. പാതയോരത്ത് നിന്നും 500 മീറ്റര്‍ പരിധിക്കുള്ളിലുള്ള എല്ലാ മദ്യശാലകളും പൂട്ടാണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
Post Your Comments