ഇടിവിലേക്കുവീണ ബിയർ വിപണിയെ തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവരാനൊരുങ്ങി മഹാരാഷ്ട്ര. സംസ്ഥാനത്ത് ബിയറിന് ഏർപ്പെടുത്തിയ നികുതി കുത്തനെ ഉയർത്തിയതോടെയാണ് ഉപഭോക്താക്കൾ ബിയർ വാങ്ങുന്ന പ്രവണതയിൽ നിന്ന് ഉൾവലിഞ്ഞത്. നിലവിൽ, ബിയർ വിൽപ്പന കൂട്ടാനായി വില കുറയ്ക്കുക എന്ന നയം സ്വീകരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ബിയറിന്റെ നികുതി കുറയ്ക്കുന്നതിനെ കുറിച്ച് വിശദമായ പഠനം നടത്താൻ പ്രത്യേക കമ്മിറ്റിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ബിയറിന്റെ നിരക്ക് കുറയ്ക്കുമെന്നാണ് സൂചന.
നികുതി കൂട്ടിയതോടെ മദ്യപർക്ക് ബിയറിനോടുള്ള താൽപ്പര്യം ഗണ്യമായ രീതിയിൽ കുറഞ്ഞെന്ന് ബ്രൂവെറീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ സുപ്രധാനം നീക്കം. മറ്റ് സംസ്ഥാനങ്ങളിലെ നികുതി നിരക്കുകൾ കൃത്യമായി പരിശോധിച്ചാണ് അന്തിമ റിപ്പോർട്ട് പഠനസംഘം സമർപ്പിക്കുക. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അപേക്ഷ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തുക. ബിയറിലെ സ്പിരിറ്റിന്റെ അളവ് റം, വിസ്കി അടക്കമുള്ള മദ്യ ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. അതിനാൽ, മദ്യങ്ങളോടൊപ്പമോ അതിനു മുകളിലോ ബിയറിന് നിലവിലെ ടാക്സ് പരിധി പാടില്ലെന്ന പൊതുനയത്തിലേക്കാണ് സർക്കാർ എത്തുന്നത്.
Post Your Comments