ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് യൂറോപ്പിൽ നിന്നുള്ള ബിയറുകൾ. വളരെ രുചികരമായ യൂറോപ്യൻ ബിയറിന് ആവശ്യക്കാർ ഏറെയാണ്. എന്നാൽ, യൂറോപ്യൻ ബിയർ ഇഷ്ടപ്പെടുന്നവർക്ക് നിരാശ നൽകുന്ന പുതിയൊരു വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. യൂറോപ്പിലെ ബിയർ ഉൽപാദനം ഉടൻ തന്നെ പ്രതിസന്ധിയിലായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ബിയറിന് ചവർപ്പ് രുചി നൽകുന്ന ഹോപ്സ് ചെടിയുടെ വിളവെടുപ്പ് കുറയുന്നതാണ് തിരിച്ചടിയാകുന്നത്. ഉയരുന്ന അന്തരീക്ഷ താപവും, മഴയുടെ ലഭ്യതക്കുറവും ഹോപ്സ് ഉൽപാദനത്തിന് തിരിച്ചടിയായിട്ടുണ്ട്.
ഉൽപാദനം പ്രതിസന്ധിയിലായതോടെ ആഗോള വിപണിയിൽ നിന്ന് യൂറോപ്യൻ ബിയറുകൾ പടിയിറങ്ങുമോ എന്നാണ് ബിയർ പ്രേമികളുടെ ആശങ്ക. എന്നാൽ, 2050 ആകുമ്പോഴേക്കും യൂറോപ്പിലെ ഹോപ്സ് ഉൽപാദനത്തിൽ 19 ശതമാനത്തിന്റെ കുറവ് നേരിടാൻ സാധ്യതയുണ്ട്. ഇത് ബിയർ വിപണിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഹ്യൂമലസ് ലുപുലസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക പൂച്ചെടിയാണ് ഹോപ്‌സ്. ഈ ചെടിയിൽ ആൺ, പെൺ സസ്യങ്ങൾ എന്നിങ്ങനെ രണ്ട് ഇത്തരത്തിൽ ഉണ്ട്. ഇതിൽ പെൺ സസ്യത്തിലെ കോൺ ആകൃതിയിലുള്ള പൂക്കളാണ് ഹോപ്സ്. ഹോപ്സ് ഉപയോഗിക്കുന്ന ബിയറിന്റെ സവിശേഷ രുചിയുടെ കാരണം, ഹോപ്സിലെ ആൽഫ ആസിഡിന്റെ സാന്നിധ്യമാണ്. ബിയറിന് പുറമേ, ആന്റിബയോട്ടിക്കുകൾ, മറ്റ് ഔഷധങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി ഹോപ്‌സിന്റെ പഴം, പൂവ്, തണ്ട് എന്നിവ ഉപയോഗിക്കാറുണ്ട്.
Post Your Comments