തിരുവനന്തപുരം: കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കാന്‍ പഴവര്‍ഗങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
Read Also; നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്ളക്സ്: കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ പരാതി
‘മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. എക്സൈസിനൊപ്പം എസ്.പി.സി കേഡറ്റുകളെ ഉള്‍പ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. കള്ള് ഷാപ്പുകള്‍ക്ക് ഒരേ ഡിസൈന്‍ കൊണ്ടുവരും. ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നല്‍കാനാണ് തീരുമാനം. കള്ള് ഷാപ്പുകളില്‍ തനത് ഭക്ഷണം കൂടി ലഭ്യമാക്കും. കേരള ടോഡി എന്ന ബ്രാന്‍ഡില്‍ കള്ള് ഉത്പാദിപ്പിക്കും. കേരളത്തില്‍ വിദേശ മദ്യവും ബിയറും പരമാവധി ഉത്പാദിപ്പിക്കാനാണ് നീക്കം. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും’, മന്ത്രി രാജേഷ് വിശദീകരിച്ചു.
‘പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കും. വിദേശികള്‍ കൂടുതല്‍ വരുന്ന റെസ്റ്റോറന്റുകളില്‍ ബിയറും വൈനും നല്‍കാന്‍ പ്രത്യേക ലൈസന്‍സ് നല്‍കും. വ്യവസായ പാര്‍ക്കുകളില്‍ മദ്യം ലഭ്യമാക്കും. ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിനുള്ള ചട്ടം ഭേദഗതി ചെയ്തുവരികയാണ്’, മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.4 ശതമാനമാണ് മദ്യവില്‍പന കൂടിയത്. 340 കോടി അധിക വരുമാനം ഈ വര്‍ഷം മദ്യ വില്‍പനയിലൂടെ കിട്ടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 30ലക്ഷം രൂപയില്‍ നിന്ന് 35 ലക്ഷം രൂപയായാണ് ഫീസ് വര്‍ധിപ്പിച്ചത്. ഒന്നാം തീയതി ഡ്രൈഡേ ആയി തുടരും.
Post Your Comments