സാവോപോളോ : ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന് 13 വര്‍ഷം ജയില്‍ ശിക്ഷ. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പെലെയുടെ മകന്‍ എഡീനോ കോല്‍ബി ഡോ നാസിമെന്റോയുടെ ജയില്‍ ശിക്ഷയില്‍ ഇളവ്. 2014ല്‍ കീഴ്‌ക്കോടതി വിധിച്ച 33 വര്‍ഷത്തെ ശിക്ഷ 12 വര്‍ഷവും 10 മാസവുമായാണ് സുപ്രീം കോടതി കുറച്ചത്. എഡീനോ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതിവിധി. കള്ളപ്പണം കൈവശം വെയ്ക്കുകയും മയക്കുമരുന്ന് കച്ചവടം നടത്തിയെന്ന് തെളിയിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് എഡീനോയെ അറസ്റ്റ് ചെയ്തത്.
അതേസമയം താന്‍ കഞ്ചാവിന്റെ അടിമയാണെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള എഡീനോയുടെ വാദം കോടതി തള്ളി. സാന്റിയാഗോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയ എഡീനോ കള്ളപ്പണം വെളുപ്പിക്കാനായി അച്ഛന്റെ പേര് പ്രയോജനപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന് കണ്ണിയായി പ്രവര്‍ത്തിച്ചതിന് 2005ലും എഡീനോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1990 വരെ ബ്രസീല്‍ ക്ലബ്ബ് സാന്റോസില്‍ ഗോള്‍കീപ്പറായിരുന്ന എഡീനോ പിന്നീട് അവിടെ ഗോള്‍കീപ്പിങ് പരിശീലകനായി സേവനമനുഷ്ഠിക്കുകയായിരുന്നു. പെലെയുടെ ആദ്യ വിവാഹത്തിലെ മൂന്നാമത്തെ മകനാണ് എഡിനോ.
Post Your Comments