KeralaNews

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ഗുരുതരമായ ചട്ടലംഘനങ്ങള്‍ തുറന്നുകാട്ടി രമേശ് ചെന്നിത്തലയ്ക്ക് തടവുകാരനയച്ച കത്ത് വിവാദമാകുന്നു

 

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ഗുരുതരമായ ചട്ടലംഘനങ്ങള്‍ തുറന്നുകാട്ടി തടവുകാരനയച്ച കത്ത് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല. ലഹരിയുടെ തലസ്ഥാനമായി ജയില്‍ മാറിക്കഴിഞ്ഞെന്ന വിവരമാണ് സെഷന്‍സ് ജഡ്ജ് സാക്ഷ്യപ്പെടുത്തി അയച്ച കത്തിലുള്ളത്. കഞ്ചാവും ലഹരി മരുന്നു ഗുളികകളും ജയിലിനുളളില്‍ യഥേഷ്ടം ലഭിക്കും.രാത്രിയായാല്‍ ജയിലില്‍ ഒരു ഡാന്‍സ് ബാറിന്റെ അന്തരീക്ഷമാണെന്ന് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ രമേശ് ചെന്നിത്തല ആരോപിക്കുന്നു.

മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലാത്ത ജയിലില്‍ 600 മൊബൈല്‍ ഫോണെങ്കിലും ഉപയോഗിക്കപ്പെടുന്നതായും ഒരു പൊതി ബീഡി പുറമെ നിന്ന് എത്തിച്ചു കൊടുക്കുന്ന ആള്‍ക്ക് 100 രൂപയാണ് പ്രതിഫലം എന്നും കത്തിലുള്ളതായി രമേശ് ചെന്നിത്തല പറയുന്നു.പുറത്തു ലഭിക്കുന്നതിനേക്കാള്‍ ആംപ്യൂള്‍, കഞ്ചാവ് ബീഡി എന്നിവയൊക്കെ അകത്ത് സുലഭമാണ് . എക്സൈസ് കമ്മീഷണര്‍ ഋഷി രാജ് സിംഗിനും വിവരങ്ങള്‍ കൈമാറിയെന്ന് തടവുകാരന്‍ എഴുത്തില്‍ അറിയിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒരു തടവുകാരന്‍ അയച്ച കത്ത് കഴിഞ്ഞ ദിവസം എനിക്കു ലഭിച്ചു. പേരു പുറത്തു പറയരുത് എന്ന ആമുഖത്തോടെയാണ് ജയിലില്‍ നടക്കുന്ന അധികാര ദുര്‍വിനിയോഗം, ചട്ട വിരുദ്ധപ്രവര്‍ത്തനം എന്നിവയെക്കുറിച്ച്‌ വിശദമായ കുറിപ്പ് എഴുതിയിരിക്കുന്നത്. ലഹരിയുടെ തലസ്ഥാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറിക്കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സെഷന്‍സ് ജഡ്ജ് സാക്ഷ്യപ്പെടുത്തി അയച്ച കത്തിലുള്ളത്.
രാത്രിയായാല്‍ ഡാന്‍സ് ബാറിന്റെ അന്തരീക്ഷമാണ്. പൊതുവായി ഉപയോഗിക്കുന്ന മുറിയില്‍ കഞ്ചാവിന്റെയും ബീഡിയുടെയും പുക നിറഞ്ഞു നില്‍ക്കും. ഇലക്‌ട്രോണിക്സ് ഉപകരണങ്ങളില്‍ നിന്നും ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതിനും കഞ്ചാവ് വലിക്കുന്നതിനും എതിരായി ചെറിയ ശബ്ദം പോലും ഉയരില്ല. കണ്ണൂര്‍ ജയിലിനെ ലഹരിയുടെ ഷോപ്പിംഗ് മാള്‍ എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ജയിലില്‍ 600 മൊബൈല്‍ ഫോണെങ്കിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഏഴാം ബ്ലോക്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു തടവുകാരന്‍ ഷോക്ക് അടിച്ചു വീണിട്ടു കുറെ നേരത്തേയ്ക്ക് ആരും അറിഞ്ഞില്ല. കോടതിയെ വിവരം ധരിപ്പിച്ചശേഷം സ്വിച്ച്‌ ബോര്‍ഡ് പുറം വരാന്തയിലേക്കു മാറ്റി സ്ഥാപിച്ചു. രാത്രി 9 മണിക്കാണ് ടിവി ഓഫ് ചെയ്യേണ്ടത്. പക്ഷെ പലരും പുലരുവോളം പരിധിയില്ലാതെ ഉപയോഗിക്കുകയാണ് നിലവില്‍ ചെയ്യുന്നത്.

ഒരു പൊതി ബീഡി പുറമെ നിന്നും എത്തിച്ചു കൊടുക്കുന്ന ആള്‍ക്ക് 100 രൂപയാണ് പ്രതിഫലം. അടുത്ത തടവുകാരന് മറിച്ചു വില്‍ക്കുമ്പോള്‍ 200 ആകും. 20 കെട്ട് വീതമുള്ള 2 കെട്ടുകളാണ് കടത്തുന്നത്. ഇതിനു സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാദിവസവും 4000 രൂപ ലഭിക്കാവുന്ന ബിസിനസ് ആയി മാറിക്കഴിഞ്ഞു. ഒരു പ്രധാന നേതാവിന്റെ ഫോട്ടോ തല ഭാഗത്ത് ഒട്ടിച്ചുവച്ചാണ് ഈ അനധികൃത കച്ചവടം. ജയിലിനുള്ളിലേക്കുള്ള പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ ഡോക്ടര്‍ പരിശോധിക്കണം എന്നാണു ചട്ടം. പക്ഷേ, ഒരു തടവുകാരന്‍ ആണ് നിലവില്‍ ഇതു പരിശോധിക്കുന്നത്. ചീഞ്ഞതല്ല എന്ന് അയാള്‍ക്കു ബോധ്യപ്പെടാന്‍, അയാള്‍ പറയുന്ന അളവില്‍ പാന്‍മസാലകള്‍ എത്തിച്ചു കൊടുക്കണം.

പുറത്തു ലഭിക്കുന്നതിനേക്കാള്‍ ആംപ്യൂള്‍, കഞ്ചാവ് ബീഡി എന്നിവയൊക്കെ അകത്തു സുലഭം. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനും വിവരങ്ങള്‍ കൈമാറിയെന്ന് എഴുത്തില്‍ പങ്ക് വയ്ക്കുന്നുണ്ട്.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടപടിക്രമങ്ങള്‍ കീഴ്മേല്‍ മറിയുകയും അച്ചടക്കലംഘനം നിരന്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ തടവുകാരന്റെ കത്ത്. രാഷ്ട്രീയ മുഖം നോക്കാതെ ശക്തമായ നടപടിയാണ് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button