ലോ അക്കാദമി വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ കാണാപ്പുറങ്ങലെ കുറിച്ച് കെ.പി.സി.സി സംസ്ഥാന ട്രഷറര്‍ ജോണ്സണ് എബ്രഹാം എഴുതുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 29 ദിവസം പിന്നിട്ട ലോ അക്കാഡമി വിദ്യാര്‍ത്ഥി സമരം വിജയിച്ചുവെന്നു പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സംഘടിത വിദ്യാര്‍ത്ഥി ശക്തിക്കുമുന്നില്‍ സര്‍ക്കാരിനും മാനേജ്മെന്റിനും മുട്ടുമടക്കേണ്ടിവന്നുവെന്നും കേരളത്തിന്റെ സാമൂഹ്യ, സാസ്കാരിക, രാഷ്ട്രീയ മനസ്സ് വിദ്യാര്‍ത്ഥികളോടൊപ്പം നിന്നുവെന്നും അദ്ദേഹം പറയുന്നു. പ്രിസിപ്പലിനെ മാറ്റാമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ശാരിരിക്കുമൊരു ഉത്സവപ്പറമ്പ് പോലെയായിരുന്നു ലേ കോളേജ്. വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേമായിരുന്നുവെന്നും ലോ അക്കാഡമി പെണ്‍പടയുടെയും വിദ്യാര്‍ത്ഥികളുടെയും ചെറുത്തുനില്‍പ്പ് സര്‍ക്കാരിനും മാനേജ്മെന്റിനുമെതിരായ രോഷമായിമാറിഎന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമരത്തിന്റെ ഇരുപത്താംനാൾ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്തു എന്നത് സമരത്തെ ഒരു രീതിയിലും തളര്‍ത്തിയില്ല. എസ്.എഫ്.ഐ. പിന്മാറ്റത്തിനുശേഷവും ആവേശം ചോരാതെ വിദ്യാര്‍ത്ഥികള്‍ സമരം നയിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥി സമരം വിജയിക്കാന്‍ എസ്.എഫ്.ഐ. എന്ന സംഘടന അനിവാര്യഘടകമല്ല എന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയകേരളം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പിലായെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഇനിയും പരിഹാരം കാണേണ്ടതുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് രൂപത്തിലേക്ക്:
ലോ അക്കാഡമി വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിന്റെ കാണാപ്പുറങ്ങള്‍
കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 29 ദിവസം പിന്നിട്ട ലോ അക്കാഡമി വിദ്യാര്‍ത്ഥി സമരം വിജയിച്ചു. സംഘടിത വിദ്യാര്‍ത്ഥി ശക്തിക്കുമുന്നില്‍ സര്‍ക്കാരിനും മാനേജ്മെന്റിനും മുട്ടുമടക്കേണ്ടിവന്നു. കേരളത്തിന്റെ സാമൂഹ്യ, സാസ്കാരിക, രാഷ്ട്രീയ മനസ്സ് വിദ്യാര്‍ത്ഥികളോടൊപ്പം നിന്നു. വിദ്യാര്‍ത്ഥിസമരം പെണ് കൂട്ടായ്മയുടെയും, ഒരുമയുടെയും വിജയമായി മാറി. വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രിന്സിപ്പലിനെമാറ്റി പുതിയ പ്രിന്‍സിപ്പലിനെ യു.ജി.സി., സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിധേയമായി നിയമിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി നല്കിയ ഉറപ്പുമാനിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.
ലോ അക്കാഡമി വിദ്യാര്‍ത്ഥിസമരം ഒരു ഉത്സവമായിരുന്നു. വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധം. ലോ അക്കാഡമി പെണ്‍പടയുടെയും വിദ്യാര്‍ത്ഥികളുടെയും ചെറുത്തുനില്‍പ്പ് സര്‍ക്കാരിനും മാനേജ്മെന്റിനുമെതിരായ രോഷമായിമാറി. എസ്.എഫ്.ഐ., സമരത്തിന്റെ 20-ാം ദിവസം വിദ്യാര്‍ത്ഥികളെ ഒറ്റുകൊടുത്തു എന്നത് സമരത്തെ ഒരു രീതിയിലും തളര്‍ത്തിയില്ല. എസ്.എഫ്.ഐ. പിന്മാറ്റത്തിനുശേഷവും ആവേശം ചോരാതെ വിദ്യാര്‍ത്ഥികള്‍ സമരം നയിച്ചു. ഒരു വിദ്യാര്‍ത്ഥി സമരം വിജയിക്കാന്‍ എസ്.എഫ്.ഐ. എന്ന സംഘടന അനിവാര്യഘടകമല്ല എന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയകേരളം തിരിച്ചറിഞ്ഞു. ഒരു വനിതാ പ്രിന്‍സിപ്പലിന്റെ താരപൊലിമയ്ക്കുമുന്നില് സി.പി.എമ്മും, എസ്.എഫ്.ഐയും വിപ്ലവവീര്യം അടിയറവുവച്ചു.
കെ.എസ്.യു.യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ ജനുവരി 11 ന് ആരംഭിച്ച സമരത്തില്‍ മൂന്ന് ദിവസത്തിന്ശേഷമാണ് എസ്.എഫ്.ഐ. നുഴഞ്ഞുകയറിയത്. നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധകാമ്പയിന് നടത്താന്‍ അനുമതി നിഷേധിച്ച പ്രിന്‍സിപ്പലിന്റെ നടപടിയ്ക്കെതിരെ കെ.എസ്.യു., എ.ഐ.എസ്.എഫ്., എം.എസ്.എഫ്. തുടങ്ങിയ വിദ്യാര്‍ത്ഥിസംഘടനകള്‍ ആരംഭിച്ച സമരം ആളിപ്പടര്‍ന്നു. എസ്.എഫ്.ഐ.യെ വിളിച്ചുവരുത്തി സൗകര്യപ്രദമായ വ്യവസ്ഥകള്‍ എഴുതിനല്‍കി അവരെക്കൊണ്ട് സമരം അവസാനിപ്പിച്ച് പറഞ്ഞുവിടാന്‍ മാനേജ്മെന്റിന് കഴിഞ്ഞു. കോളേജിന്റെ 21 അംഗ ഭരണസമിതിയുടെ മിനിറ്റ്സിന്റെ കോപ്പി ഹാജരാക്കാന്‍പോലും ഇവര്‍ക്കായില്ല. എസ്.എഫ്.ഐ.യുമായി മാനേജ്മെന്റ് ഉണ്ടാക്കിയ കരാറിലും അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും രണ്ടുരീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചത്. ലോ അക്കാഡമി പ്രിന്‍സിപ്പലിനെ തല്ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും അവരെ പുറത്താക്കിയിട്ടില്ലെന്നുമായിരുന്നു മാനേജ്മെന്റ് ആദ്യം അറിയിച്ചത്. അടിക്കടി മാനേജ്മെന്റിന്റെ നിലപാടിന് മാറ്റമുണ്ടായി. ലോ അക്കാഡമി ട്രസ്റ്റിന്റെ പ്രസിഡന്റ് ഈ കരാറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സ്ഥാനങ്ങള്‍ രാജിവച്ചത് എസ്.എഫ്.ഐ.യെ വെട്ടിലാക്കി.
പട്ടിക വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അടിമക്കൂട്ടങ്ങളാക്കാന് ശ്രമിച്ചപ്പോഴും വിദ്യാര്‍ത്ഥികളുടെ സഹായത്തിന് എസ്.എഫ്.ഐ. ഉണ്ടായില്ല. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നതിന്റെപേരിലുള്ള പകപോക്കല്‍ തടയുവാന്‍ എസ്.എഫ്.ഐ.ക്കു കഴിഞ്ഞില്ല.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അപ്പാറാവു എന്ന വൈസ്ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭം രോഹിത് വേമുലയുടെ ആത്മഹത്യയിലാണ് കലാശിച്ചത്. ലോ അക്കാഡമി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെട്ടപ്പോഴാണ് പിണറായി സര്‍ക്കാരിന്റെ കണ്ണു തുറന്നത്. പോലീസിന്റെ നടപടികള്‍ക്കിടയില്‍ സംഘര്‍ഷത്തില്‍പ്പെട്ട്, പാവപ്പെട്ട അബ്ദുള്‍ ജബ്ബാര്‍ സമരത്തിന്റെ രക്തസാക്ഷിയായി.
കൊച്ചിയില്‍ നടന്ന ഡി.വൈ.എഫ്.ഐ. ദേശീയ സമ്മേളനത്തിന് ലോ അക്കാഡമി വിദ്യാര്‍ത്ഥിസമരത്തെ അഭിസംബോധനചെയ്യാന്‍ കഴിഞ്ഞില്ല. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും, ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ് റദ്ദാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടവര്‍ സര്‍വകലാശാല ചട്ടവും നിയമവും ലംഘിച്ച് മനുഷ്യാവകാശ ലംഘനത്തിനും, പട്ടികജാതി വിദ്യാര്‍ത്ഥി പീഡനത്തിനും നേതൃത്വം നല്കിയ ലോ അക്കാഡമി പ്രിന്‍സിപ്പലിനെതിരെ ഒരു വാക്കുപോലും ശബ്ദിക്കാന്‍ കഴിഞ്ഞില്ല. ലോ അക്കാഡമി വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഡി.വൈ.എഫ്.ഐ.യ്ക്കായില്ല. രാധികാ വേമുലയെ ഡി.വൈ.എഫ്.ഐ. സമ്മേളനത്തിലേയ്ക്ക് ആനയിച്ചവര്‍ ലോഅക്കാഡമിയിലെ ദളിതനെ മറന്നു. പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനില്‍ സംവരണതത്വം പാലിക്കാതെ, വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ലോ അക്കാഡമി മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നകാര്യത്തില് സി.പി.എം. നേതാക്കന്മാര് മത്സരിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിസമരത്തെ ഒറ്റിക്കൊടുത്ത് നിലവിലുള്ള വ്യവസ്ഥകളോട് സൗകര്യപൂര്‍വ്വം ഐക്യപ്പെടാനാണ് അവര്‍ ശ്രമിച്ചത്. സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ സി.പി.എം. പ്രതിനിധികളും, സര്‍ക്കാര്‍ നോമിനികളും സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച ലോ അക്കാഡമി പ്രിന്‍സിപ്പലിനെ പിന്തുണച്ചു. സി.പി.എം. വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ നടത്തിയ സ്വാശ്രയസമരം ഒരു തട്ടിപ്പായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളെ ഇവര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു.
പോലീസിന്റെ ലാത്തിക്കോ, ജലപീരങ്കിക്കോ, ടിയര്‍ഗ്യാസ് ഷെല്ലുകള്ക്കോ ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ സമരവീര്യത്തെ തകര്‍ക്കാനായില്ല. സെക്രട്ടറിയേറ്റ് സമരഗേറ്റിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ ഒരുമുന്നറിയിപ്പുമില്ലാതെ പോലീസ് തല്ലിച്ചതച്ചു. ചിതറിയോടിയവരെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു. ടിജു യോഹന്നാനെ വളഞ്ഞിട്ടുതല്ലി. അടികൊണ്ട് വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചു. നിയമവിദ്യാര്‍ത്ഥി ഉണ്ണികൃഷ്ണന്‍പോറ്റിയെ കന്റോണ്‍മെന്റ് സി.ഐ.യുടെ നേതൃത്വത്തില്‍ വളഞ്ഞിട്ട് തല്ലി. ബോധം നഷ്ടപ്പെടുന്നതുവരെ പോറ്റിക്ക് തല്ലുകൊണ്ടു. അറസ്റ്റുചെയ്തവരെ എ.ആര്.ക്യാമ്പിലേയ്ക്ക് കൊണ്ടുപോകുംവഴി വാഹനത്തിലിട്ടും മര്‍ദ്ദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ലോ അക്കാഡമി വിഷയത്തില്‍ പ്രതികരിക്കാതിരുന്നത് കോളേജ് മാനേജുമെന്റുമായുണ്ടായ ഒത്തുകളിയുടെഭാഗമായിട്ടായിരുന്നു. രാജഭരണത്തെയും കോളനിവാഴ്ചയെയും ധീരമായി ചെറുത്ത ലോ അക്കാഡമി ഭൂമിയുടെ യഥാര്‍ത്ഥ അവകാശി പി.എസ്. നടരാജപിള്ളയെ ‘ഏതോ ഒരു പിള്ള’ എന്നു വിളിച്ച പിണറായിയുടെ നടപടി സാര്‍വത്രികമായി പ്രതിഷേധം ക്ഷണിച്ചുവരുത്തി. ചരിത്രബോധത്തിന്റെ കുറവും, അധികാരത്തിന്റെ അഹന്തയും പിണറായിയെ ബാധിച്ചിരിക്കുന്നു.
ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള കക്ഷിയാണ് സി.പി.എം.എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സര്‍വകലാശാല ചട്ടവും നിയമവും ലംഘിച്ചാലും കാര്യമില്ലെന്നും സ്ഥാപിതതാല്പര്യക്കാരും നിയമലംഘകരുമാണ് തങ്ങള്‍ക്ക് സ്വീകാര്യര്‍ എന്ന് സി.പി.എം. കാണിച്ചുതന്നു. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ സമീപനങ്ങളുടെ മാറ്റുരയ്ക്കലായിരുന്നു ലോ അക്കാഡമി സമരത്തില്‍ കണ്ടത്.
കേരളത്തിലെ കാമ്പസുകളില്‍ ഉജ്ജ്വലമായ സമരങ്ങള്‍ക്കും അവകാശ സമരപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്കിയ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ സാന്നിധ്യം സമരമുഖത്തിന് ആവേശം പകര്‍ന്നു. വിദ്യാര്‍ത്ഥി സമരത്തിന്റെ 23-ാം ദിവസം സ്ഥലം എം.എല്‍.എ.യും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായ കെ.മുരളീധരന് വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആരംഭിച്ച നിരാഹാര സമരം വിജയത്തിലെത്തി. വിദ്യാര്‍ത്ഥി പ്രശ്നങ്ങളുടെപേരില്‍ ആരംഭിച്ച്, സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടമായി മാറിയ ലോ അക്കാഡമി സമരത്തില്‍ ഭരണത്തിലെ രണ്ടാംകക്ഷിയായ സി.പി.ഐ.യും പങ്കാളിയായി എന്നത് ശ്രദ്ധേയമായി. ലോ അക്കാഡമി സമരത്തില്‍ പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എത്തിയതും സി.പി.എമ്മിന് തിരിച്ചടിയായി. വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പിലായെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഇനിയും പരിഹാരം കാണേണ്ടതുണ്ട്.
1. ലോ അക്കാഡമി ലോ കോളേജിന്റെ നിലവിലുള്ള സ്റ്റാറ്റസ് എന്താണെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്വം കേരളസര്വകലാശാലയ്ക്കുണ്ട്.
2. വിദ്യാഭ്യാസ ആവശ്യത്തിനായി പതിച്ചുനല്‍കിയ ഭൂമി വാണിജ്യാവശ്യത്തിനായി വിനിയോഗിച്ചു എന്ന് റവന്യൂവകുപ്പ് കണ്ടെത്തിയതിനാല്‍ ലോ അക്കാഡമി ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കേണ്ടതുണ്ട്.
3. പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ എല്‍.എല്‍.ബി. ബിരുദത്തെപ്പറ്റി കേരളസര്‍വകലാശാല പരീക്ഷാസ്ഥിരം സമിതി അന്വേഷണം നടത്തുകയാണ്. ഒരേസമയം രണ്ടുസര്‍വകലാശാലകളില്‍ ഇവര്‍ ബിരുദത്തിന് പഠിച്ചത് ചട്ടലംഘനമാണ്.
(കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ്)
Post Your Comments