കണ്ണൂരില്‍: വിശ്വാസങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സി.പി.എമ്മിന്റെ മറ്റൊരു ഇരട്ടത്താപ്പ് നയം കൂടി വ്യക്തമാകുന്നു. സി.പി.എം നേതാക്കള്‍ ഭാരവാഹികളായുള്ള ക്ഷേത്രത്തില്‍ ദളിതരെ വിലക്കിയ നടപടി വിവാദമാകുന്നു. കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലാണ് ദളിതരെ വിലക്കിയിരിക്കുന്നത്.
വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രത്തിലെ ഭഗവതി തിരുവായുധവുമായി വീടുകളില്‍ ചെന്ന് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്ന ചടങ്ങുണ്ട്. എന്നാല്‍ ഭവന സന്ദര്‍ശനത്തില്‍നിന്ന് ദളിത് കുടുംബങ്ങളെ ഒഴിവാക്കിയതാണ് വിവാദമാകുന്നത്. പ്രതിഷ്ഠക്കൊപ്പം ചെല്ലുന്ന വെളിച്ചപ്പാടിന് എല്ലാ വീടുകളിലും കയറാന്‍ എതിര്‍പ്പില്ലെങ്കിലും ദളിതരുടെ വീടുകളുടെ സമീപമെത്തുമ്പോള്‍ അവിടെ കയറരുതെന്ന് ക്ഷേത്രഭാരവാഹികള്‍ നിര്‍ദേശം നല്‍കി. തിരുവായുധം എഴുന്നള്ളത്ത് പോകുന്നത് 1915ലെ നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമെന്നും ക്ഷേത്രാചാരവും അനുഷ്ഠാനവും നിശ്ചയരേഖയിലെ തീരുമാന പ്രകാരമെന്നും ഇതു മാറ്റാന്‍ സാധ്യമല്ലെന്നുമാണ് ക്ഷേത്രം ഭാരവാഹികളും സി.പി.എം നേതാക്കളുമായ പ്രസിഡന്റ് മുള്ളങ്കണ്ടി മുകുന്ദന്‍, സെക്രട്ടറി എം. വേണുഗോപാല്‍ എന്നിവരുടെ പ്രതികരണം.
അതേസമയം ചടങ്ങില്‍നിന്നും ദളിത് കുടുംബങ്ങളെ മാറ്റിനിര്‍ത്തുന്നത് അയിത്താചരണത്തിന്റെ തുടര്‍ച്ചയാണെന്നും വരുമാനം ലഭിക്കുന്ന ചടങ്ങുകളില്‍ മാത്രം ദളിതരെ പങ്കെടുപ്പിക്കുന്നുണ്ടെന്നും വിവിധ ദളിത് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ക്ഷേത്രത്തില്‍ നടക്കുന്നത് നിയമ ലംഘനമാണെന്നു ബോധ്യപ്പെട്ട പട്ടികജാതി, വര്‍ഗ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതേസമയം ജാതി, മതരഹിത സമൂഹമെന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എം ജാതിവിവേചനത്തിന് തുറന്ന പിന്‍തുണ നല്‍കുന്നതും സിപിഎം നേതൃത്വം ഉത്സവച്ചടങ്ങുകള്‍ നടത്തുന്നതും വന്‍വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.
Post Your Comments