കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ കൂട്ടമായിയെത്തിയ തെരുവ് നായക്കള് വഴി തടഞ്ഞിട്ട് ആക്രമിച്ചു. തെരുവു നായക്കളുടെ വക വഴി തടയല്‍ സമരം ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ് നടന്നത്. കോയമ്പത്തൂരില്‍ നിന്ന് ചെന്നൈ മെയിലില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഉമ്മന്‍ചാണ്ടി കാറില്‍ ടിബിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
ഉമ്മന്‍ ചാണ്ടിയുടെ കാറിനുനേരെ ഇരുപത്തഞ്ചോളം വരുന്ന തെരുവു നായ കൂട്ടം കുരച്ചുകൊണ്ട് ഓടിയടുക്കുകയായിരുന്നു. പത്ത് മിനിറ്റോളമാണ് തെരുവു നായക്കളുടെ വഴിതടയിലിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി റോഡില്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്.
ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ കൊല്ലാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോണാണ് കാറുമായി എത്തിയത്. തുറന്നു വെച്ചിരുന്ന ചില്ലിലൂടെ തെരുവു നായ ഉയര്‍ന്ന് കുരച്ചുചാടുകയും രണ്ട് നായക്കള് ബോണറ്റില്‍ കയറി നിന്ന് കുരയക്കുകയും ചെയ്തുകൊണ്ടിരുന്നു. നായ്ക്കള്‍ മാറാന്‍ കൂട്ടാക്കാത്തതിനാൽ ഹോണ്‍ തുടരെ മുഴക്കി ഇവയെ അകറ്റി കാര്‍ ടിബിക്കുള്ളിലേക്ക് കയറ്റി. എന്നാല്‍ കലി തീരാതെ പിന്നാലെ ഓടിയടുത്ത നായക്കളെ റെസ്റ്റ് ഹൗസ് ജീവനക്കാരെത്തി കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു.
Post Your Comments