News

മതസാഹോദര്യത്തിനായി ബി.ജെ.പി നടത്തിയ നൂറുല്‍ ഹുദയെ ലൗ ജിഹാദെന്ന് വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ഫാറൂക്ക് ചെന്നാടൻ

മതസാഹോദര്യത്തിനായി ബി.ജെ.പി നടത്തിയ നൂറുല്‍ ഹുദയെ ലൗ ജിഹാദെന്ന വിമർശനവുമായി രാഷ്ട്രീയ വിമർശകൻ ഫാറൂക്ക് ചെന്നാടൻ രംഗത്ത് . ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാട് ഫാറൂക്ക് പങ്കുവച്ചത് .

പോസ്റ്റിന്റെ പൂർണ രൂപം

അടുത്ത കാലത്ത് ബിജെപി നടത്തിയ ഏറ്റവും ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നാണ് ‘നൂറുല്‍ ഹുദ’. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന ഈ പരിപാടി അതിന്റെ പേരുകൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു. ‘നൂറുല്‍ ഹുദ’ എന്ന അറബിക് പദത്തിന്റെ അര്‍ത്ഥം ‘സന്മാര്‍ഗ്ഗത്തിലേക്കുള്ള വെളിച്ചം’ എന്നാണ്. പരിപാടിയുടെ ഈ ഇസ്ലാമിക് ടച്ചാണ് ഏവരേയും ആകര്‍ഷിച്ചത്. പാര്‍ട്ടിയും നൂറുല്‍ ഹുദ എന്ന പദവും എങ്ങനെ ബന്ധപ്പെടുന്നു എന്നറിയാന്‍ ജനം തടിച്ചു കൂടിയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റിനെ തന്നെ ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതും സംഘാടകരുടെ പ്രാഗല്‍ഭ്യം തന്നെയായിരുന്നെന്ന് സമ്മതിക്കാതെ വയ്യ. ഒരു കണക്കിനു പറഞ്ഞാല്‍, മലപ്പുറത്ത് വിജയിപ്പിച്ച അതേ തന്ത്രം കാസര്‍ഗോഡും പയറ്റാന്‍ ഒരുങ്ങുകയാണ് ബിജെപിയും ന്യൂനപക്ഷ മോര്‍ച്ചയും. പക്ഷേ, മലപ്പുറത്തെ മുസ്ലീങ്ങള്‍ പൊതുവെ സമാധാന കാംക്ഷികളാണെങ്കില്‍ കാസര്‍ഗോട്ടെ മുസ്ലീങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണെന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം ഓര്‍ത്താല്‍ നന്ന്. ചക്ക വീണ് ഒരിക്കല്‍ മുയല്‍ ചത്തെന്ന് വെച്ച് എപ്പോഴും അങ്ങനെ ആകണമെന്നില്ല.
കേരളത്തില്‍ ബിജെപിയും സംഘപരിവാര്‍ നേതൃത്വവും ഏറ്റവും അധികം ഉപയോഗിക്കുന്ന വാക്കുകളില്‍ ഒന്നാണ് ‘ലൗ ജിഹാദ്’. ഹിന്ദു – ക്രിസ്ത്യന്‍ യുവതികളെ പ്രണയിച്ച് മതം മാറ്റി മുസ്ലീം വിഭാഗം കല്യാണം കഴിക്കുന്നു എന്നതാണ് ഇവരുടെ പ്രധാന വ്യാജ ആരോപണം. ഏതായാലും അത് അവിടെ നില്‍ക്കട്ടേ. ന്യായമായ ഒരു സംശയം. അപ്പോള്‍ ഈ ‘നൂറുല്‍ ഹുദ’ എന്താണ്? എന്തുകൊണ്ട് ഇങ്ങനെ ഒരു പേര് നല്‍കി? മുസ്ലീങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനുള്ള റിക്രൂട്ട്‌മെന്റ് കലാപരിപാടിയല്ലേ ‘നൂറുല്‍ ഹുദ’? അങ്ങനെ എങ്കില്‍ ഇതും ഒരു ”ലൗ ജിഹാദ് ” അല്ലേ? പ്രണയത്തിന് പകരം പ്രീണനം ആണെന്ന് മാത്രം. അല്ലെങ്കില്‍ എന്തുകൊണ്ട് ബിജെപി മുറുകെ പിടിക്കുന്ന ഹിന്ദിയില്‍ നിന്നോ സംസ്‌കൃതത്തില്‍ നിന്നോ ഒരു പദം കണ്ടെത്തിയില്ല? അപ്പോള്‍ കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള ബിജെപിയുടെ ‘ഗിമ്മക്കാണു’ നൂറുല്‍ ഹുദ. പക്ഷേ, വിവേചന ബുദ്ധിയുള്ള മുസ്ലീം സമൂഹം ഈ പ്രേമ നാടകത്തില്‍ വീഴില്ലെന്ന് അരിയാഹാരം കഴിക്കുന്ന ഓരോ കുഞ്ഞിനും അങ്ങേയറ്റം ഉറപ്പാണ്.
ബാബരിയുടെ താഴിക കുടങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയ ഫാസിസ്റ്റുകള്‍ കടലില്‍ മുസല്ല വിരിച്ച് നിസ്‌കരിച്ച് ബോധിപ്പിച്ചാലും അവരെ വിശ്വസിക്കരുതെന്ന് പ്രമുഖ മുസ്ലീം ലീഗ് നേതാവ് ശാസന കൊടുത്തിരുന്നു. ബൂര്‍ഷ്വ മുതലാളിമാരല്ല ഇന്നത്തെ വര്‍ഗ്ഗ ശത്രുക്കള്‍. മറിച്ച് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് അധികാര കസേരയിലെത്തിയ മോഡിയെന്ന ഏകാധിപതിയാണെന്നു ഇടത് പക്ഷവും ആണയിടുന്നു. കാലാകാലം അധികാരത്തില്‍ അള്ളിപ്പിടിക്കാനും ഞങ്ങള്‍ ന്യൂനപക്ഷ പ്രേമികളാണെന്നു വരുത്തി തീര്‍ക്കാനും ബിജെപി സംഘവരിവാര കൂട്ടങ്ങള്‍ പുതിയ തിരക്കഥയൊരുക്കുകയാണ്. ഈ പൊയ്മുഖം മുസ്ലിം ജനത സംശയത്തോടെ മാത്രമേ വീക്ഷിക്കുകയുള്ളു. കണ്ണൂരിരിലെ കമ്മ്യൂണിസ്റ്റുകളെ പോലെ രക്തത്തില്‍ അല്പം തീക്ഷ്ണ മത ബോധം ഉള്ള കാസര്‍ഗോട്ട് മക്കളുടെ അടുത്ത് ഈ പരിപ്പ് വേവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button