ന്യൂഡൽഹി: ഇന്ത്യ തിരയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണ് ഇതിനു പിന്നിലെന്ന് ബിജെപി ട്വീറ്റ് ചെയ്തു. ‘‘പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടി വിലവരുന്ന വസ്തുവകകൾ യുഎഇയിൽ പിടിച്ചെടുത്തത് മോദിയുടെ നയതന്ത്രത്തിന്റെ വലിയ വിജയമാണ്’’ എന്ന്‍ ബിജെപി ട്വിറ്ററിൽ കുറിച്ചു. അതേസമയം, ദാവൂദിന്റെ വസ്തുവകകൾ പിടിച്ചെടുത്തതായി യുഎഇ സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യ യുഎഇ സര്‍ക്കാരിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നതെന്നാണ് ബിജെപിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദര്‍ശനത്തില്‍ ദാവൂദിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച പട്ടിക കൈമാറിയിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു. സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ദാവൂദിനെ പിടികൂടി നിയമത്തിനു കീഴിൽ കൊണ്ടുവരുമെന്നും ബിജെപി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.
Post Your Comments