തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിമതി വ്യാപകമാണെന്ന് വിജിലന്‍സ് മേധാവി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത സമ്പാദ്യം കണ്ടുകെട്ടുന്നതിനായി പ്രത്യേക നിയമം നിര്‍മിക്കാൻ സർക്കാർ ഒരുങ്ങുന്നതായി സൂചന. സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നതടക്കമുള്ള തീരുമാനങ്ങള്‍ക്ക് പിന്നാലെയാണ് അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ നിയമം പരിഗണിക്കുന്നത്. അടുത്ത ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കരടു ബിൽ തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് നിര്‍ദ്ദേശം നൽകുകയും, അദ്ദേഹം ഇക്കാര്യം നിയമസെക്രട്ടറിയുമായി ചര്‍ച്ചനടത്തുകയും ചെയ്തു.
ചില ഉദ്യോഗസ്ഥര്‍ ഭൂമിയും കെട്ടിടങ്ങളും വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമനിർമ്മാണത്തിനായി വിജിലന്‍സ് നിര്‍ദേശിച്ചത്. നിലവിലെ പെരുമാറ്റ ചട്ടം അനുസരിച്ച് ശമ്പളവും ഡി.എ.യും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമല്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറ്റു ബിസിനസുകള്‍ നടത്തി ധനം സമ്പാദിക്കാന്‍ പാടില്ല . എന്നാൽ നിലവിലുള്ള നിയമ പ്രകാരം ജീവനക്കാരുടെ ആസ്തി കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പുതിയ മാറ്റ ത്തിനു സര്‍ക്കാര്‍ നീങ്ങുന്നത്.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ 11 ലക്ഷത്തോളം പേര്‍ നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ എന്നിവരുടെ എല്ലാവിധ ആസ്തികളും വാഹനം, സ്വര്‍ണാഭരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും വെളിപ്പെടുത്തണം. കൂടാതെ നിയമത്തില്‍ അപ്പീല്‍ നൽകാനുള്ള സൗകര്യം ഉൾപ്പെടുത്തുമെന്നാണ് സൂചന.
Post Your Comments