ചെങ്ങന്നൂർ: മരിച്ചവരുടെ പേരിൽ മൈക്രോഫിനാൻസ് വായ്പ എടുത്ത് ബാങ്ക് ജീവനക്കാർ പണം തട്ടി. കോഴഞ്ചേരി യൂണിയൻ ബാങ്കിൽ നിന്നും 6.5 ലക്ഷം രൂപയാണ് ജീവനക്കാർ വ്യാജ രേഖ ഉണ്ടാക്കി തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് യൂണിയൻ സെക്രട്ടറി അനു സി സേനൻ, പ്രസിഡന്റ് അഡ്വ. സന്തോഷ്കുമാർ, ഓഫീസ് ക്ളർക്ക് സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തന്റെ പേരിൽ മരിച്ചവരെ കൂടെ അംഗങ്ങളാക്കി ബാങ്കിൽനിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റായിരുന്ന പി ഡി ശ്രീനിവാസൻ നൽകിയ പരാതിയിലാണ് കേസ്. മരിച്ചുപോയ നാല് അംഗങ്ങൾ ഉൾപ്പടെ 14 പേര് ഉൾപ്പെട്ട ഒരു സംഘത്തിനാണ് വായ്പ അനുവദിച്ചത്. കോഴഞ്ചേരി യൂണിയൻ ബാങ്ക് മാനേജർ രാധാമണിയുടെ ഒത്തശയോടെയാണ് പണം തട്ടിയെന്നാണ് പരാതി.
മൈക്രോഫിനാൻസ് സംഘത്തിന് വായ്പ നൽകണമെങ്കിൽ എല്ലാ അംഗങ്ങളുടെയും തിരിച്ചറിയൽ രേഖകളും ആവശ്യമാണ്. എന്നാൽ ഇവയൊന്നും ഇല്ലാതെയാണ് വായ്പ അനുവദിച്ചത്. ചെങ്ങന്നൂർ എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റും ദേവസ്വം ബോർഡ് ജീവനക്കാരനുമായ ശ്രീനിവാസനാണ് അപേക്ഷകൻ. രജിസ്റ്ററിൽ എഴുതി ചേർക്കപ്പെട്ട 14 പേരിൽ ശിവദാസൻ, രവീന്ദ്രൻ, തങ്കപ്പൻ, പൊന്നപ്പൻ എന്നിവർ ജീവിച്ചിരിപ്പില്ല. മാനേജരായിരുന്ന രാധാമണിയാണ് ചെങ്ങന്നൂർ എസ് എൻ ഡി പി യൂണിയനിൽ രൂപവത്കരിച്ച മൈക്രോഫിനാൻസ് സംഘങ്ങളുടെ കോർഡിനേറ്റർ.
എന്നാൽ താൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ശ്രീനിവാസൻ പരാതിയിൽ പറയുന്നു. താൻ ബാങ്കിൽ പോകുകയോ ഒപ്പിട്ടു നൽകുകയോ ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ പറയുന്നു. കൂടാതെ എസ് എൻ ഡി പി യൂണിയൻ യഥാസമയം തിരിച്ചടയ്ക്കാതെ കുടിശിക വരുമ്പോൾ മറ്റൊരു വായ്പ ആരെങ്കിലും എടുത്തതായി വ്യാജരേഖയുണ്ടാക്കി പണം പഴയ ലോൺ കുടിശ്ശികയിലേക്ക് അടയ്ക്കുകയാണ് പതിവെന്നും തട്ടിപ്പിനിരയായവർ പറയുന്നു.
Post Your Comments