കണ്ണൂര്‍ : ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരായ അജിത്ത്കുമാര്‍, വിനീഷ്, രജീഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. അതീവ സുരക്ഷയും നിരീക്ഷണവുമുള്ള പത്താംബ്ലോക്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് നിഷാമിനെ കോടതിയിലേക്ക് കൊണ്ടു പോയ പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. നിഷാം ഫോണ്‍ ഉപയോഗിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ ജയിലില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിഷാം കഴിയുന്ന പത്താം ബ്ലോക്കില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
നിഷാം ഫോണ്‍ ഉപയോഗിച്ചതില്‍ കുറ്റക്കാര്‍ പൊലീസുകാരാണെന്നും ജയില്‍ അധികൃതരല്ലെന്നും ഡിഐജി നേരത്തേ വ്യക്തമാക്കിയിരുന്നു. ജയിലിനുള്ളില്‍ നിഷാം ഫോണ്‍ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ ഇരുപതാം തിയതി ബംഗലുരു കോടതിയിലേക്ക് നിഷാമിനെ കൊണ്ടുപോയത് ഇവരായിരുന്നു. ഈ യാത്രക്കിടയിലാണ് താന്‍ ഫോണുപയോഗിച്ചതെന്ന് നിഷാം ജയില്‍ ഡിഐജി ശിവദാസന്‍ തൈപ്പറമ്പിലിനോട് സമ്മതിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരേ ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. എസ്‌കോര്‍ട്ട് പോയ പൊലീസുകാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണിതെന്നും ഉത്തരവാദിത്തം പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനാണെന്നും അദ്ദേഹം പറഞ്ഞതിന് പിന്നാലെയാണ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.
Post Your Comments