NewsInternational

ഭീകരതയെ എതിരിടാന്‍ പരസ്പരബന്ധം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ഷി ജിന്‍പിങ് ബ്രിക്സില്‍

ഗോവ: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങിന്‍റെ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ജിന്‍പിങ് ഇക്കാര്യം പറഞ്ഞത്. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയതാണ് ചൈനീസ്‌ പ്രസിഡന്‍റ് ജിന്‍പിങ്.

ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച ഫലപ്രദമായിരുന്നെന്നും ഇന്ത്യ-ചൈന ബന്ധത്തിന്‍റെ വ്യത്യസ്ത വശങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തെന്നും പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

ഭീകരവാദത്തെ അധികരിച്ചാണ് മോദി-ജിന്‍പിങ് ചര്‍ച്ച പ്രധാനമായും മുന്നേറിയത്. ഇന്ത്യയും ചൈനയും വ്യത്യസ്ത നിലപാടുകള്‍ എടുക്കേണ്ട വിഷയമല്ല ഭീകരവാദമെന്ന് മോദി ചര്‍ച്ചയില്‍ വ്യക്തമാക്കി.

പത്താന്‍കോട്ട് നടന്ന ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായ മസൂദ് അസറിനെതിരെ നിരോധനം ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടിനോട് ചൈന അനുകൂലിക്കാത്ത സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന.

ആണവദാതാക്കളുടെ ഗ്രൂപ്പായ എന്‍എസ്ജിയിലെ ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായി. അംഗത്വം നേടാന്‍ ചൈന ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു.

ഇക്കാര്യത്തില്‍ ചൈനയുമായി രണ്ടാംഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button