KeralaCrime

അഞ്ചുവര്‍ഷത്തിനിടെ 37 രാഷ്ട്രീയ കൊലപാതകങ്ങള്‍; മൂന്നാംസ്ഥാനം കേരളത്തിന്!

കണ്ണൂര്‍: കേരളത്തിന്റെ മണ്ണില്‍ ചോരവീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കണക്കുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മാത്രം. ഇന്നും അമ്മമാരുടെ, ഉറ്റമിത്രങ്ങളുടെ കണ്ണുനീര്‍ തോരാതെ നിലനില്‍ക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 37 രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇതുവെറും അഞ്ച് വര്‍ഷത്തെ കണക്കു മാത്രം.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് രണ്ടുപേരും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കണ്ണൂരില്‍ ആറു പേരും കൊല്ലപ്പെട്ടു. ഒരു ബിജെപി പ്രവര്‍ത്തകന്‍ കണ്ണൂരില്‍ ബോംബ് പൊട്ടി മരിക്കുകയുമുണ്ടായി. രാഷ്ട്രീയക്കാരുടെ പകവീട്ടലില്‍ എത്രയോ ജീവനുകള്‍ ഇന്നും മരണത്തോട് മല്ലിട്ടു കഴിയുന്നു. ഇതിനോടകം നിരവധിപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഇതില്‍ നിരപരാധികളും ഉള്‍പ്പെടുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5,504 രാഷ്ട്രീയ അക്രമങ്ങള്‍ നടന്നതില്‍ 6,021 പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റതായാണ് കണക്ക്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം 485 രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാംസ്ഥാനത്താണ് എന്നുള്ളത് പരിതാപകരം തന്നെ.

രാഷ്ട്രീയ കൊലപാതകത്തില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍ കിടക്കുന്നത്. തൊട്ടുപിന്നാലെ ജാര്‍ഖണ്ഡും. വൈകാതെ കേരളം ഒന്നാംസ്ഥാനം കൈവരിക്കുമെന്നതില്‍ സംശയമില്ല. അത്രമാത്രം ഭയാനകമായിരിക്കുന്നു കേരളത്തിന്റെ അവസ്ഥ. രാഷ്ട്രീയ കൊലപാതകത്തിനുപുറമെ കേരളത്തില്‍ സംഭവിച്ച മറ്റ് കൊലപാതകങ്ങളുടെ കണക്കും ഞെട്ടിപ്പിക്കുന്നതാണ്.

ക്രൈം ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ചു 2014 ല്‍ ഇന്ത്യയിലാകെ 33,327 കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ 367 എണ്ണം കേരളത്തിലാണ്. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 18-ാം സ്ഥാനം കേരളത്തിന്. 2015 ല്‍ രാജ്യത്തെ മൊത്തം കൊലപാതകം 31,480, കേരളത്തില്‍ 334 എണ്ണം. 17ാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു. 2016ലെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളം വീണ്ടും മുന്നിലെത്തിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button