ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താൻ സാധിച്ചാൽ സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ദിവസമാണ് സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നവംബര്‍ 10 വരെ രജിസ്‌ട്രേഷന്‍ നടത്താം.
വോട്ട് വില കൊടുത്ത് വാങ്ങുന്നെന്ന് ആരോപിച്ച് പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് വകവെക്കാതെയാണ് സ്മാര്‍ട്ട്ഫോണ്‍ യോജന പദ്ധതിയുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 2017ല്‍ നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കൂ.
കൂടാതെ അപേക്ഷകര്‍ക്ക് ചില നിബന്ധനകളുണ്ട്. 2017 ജനുവരി ഒന്നിന് പതിനെട്ട് വയസ്സും അതിനു മുകളിലുള്ളവര്‍ക്കുമാണ് സമാര്‍ട്ട് ഫോണിന് അപേക്ഷിക്കാന്‍ സാധിക്കൂ. മാത്രമല്ല അപേക്ഷകർ യു.പി സ്വദേശികളായിരിക്കണം, പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ വേണം. വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴേ ആയിരിക്കണം. അപേക്ഷകരോ അവരുടെ രക്ഷിതാക്കളോ സര്‍ക്കാര്‍ ജോലിയുള്ളവരാകരുത്.
സൗജന്യ ലാപ്‌ടോപ്പായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ വാഗ്ദാനം. സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളെ അറിയിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ സഹായകമാകുമെന്നതിനാലാണ് സ്മാര്‍ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശദീകരണം.
Post Your Comments