സൗദി:ബന്യാമിന്റെ ആടുജീവിതം വായിച്ച് കണ്ണു നിറയാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ആടു ജീവിതത്തിലെ നജീബിന്റെ അവസ്ഥ ഇനിയൊരു മലയാളിക്കും ഉണ്ടാകരുതേയെന്നായിരുന്നു ആടുജീവിതം വായിച്ചവരുടെ മനസ്സിൽ.എന്നാൽ അതിനു തുല്യമായ ദുരിതജീവിതം അനുഭവിക്കുകയാണ് സൗദിയിൽ നാലു മലയാളികൾ.തൊഴിൽ തട്ടിപ്പിനിരയായ ഇവർ ഏഴുമാസമായി ദുരിതജീവിതത്തിലാണ്.ആലപ്പുഴ സ്വദേശികളായ ജോസഫ്, തോമസ് ട്യുബിൻ മലപ്പുറംകാരായ മണികണ്ഠൻ, മുകുന്ദൻ എന്നിവരാണ് ഭക്ഷണം പോലും ഇല്ലാതെ മരുഭൂമിയിൽ കഴിയുന്നത്.
കഴിഞ്ഞ മാർച്ചിലാണ് ഇവർ സൗദിയിൽ ജോലിക്കായി പോയത്. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ തസ്തികയ്ക്ക് മാസം 1500 റിയാൽ ശമ്പളമെന്നതായിരുന്നു വാഗ്ദാനം.എന്നാൽ റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെ മരുഭൂമിയിലാണ് തൊഴിലുടമ ഇവരെ എത്തിച്ചത്.എന്നാൽ ഇവരോട് പറഞ്ഞ ജോലിക്കല്ല എത്തപെട്ടതെന്ന് തുടർന്നുള്ള ദിവസങ്ങളിലാണ് ഇവർ തിരിച്ചറിഞ്ഞത്.മാസങ്ങൾ പണിയെടുപ്പിച്ചെങ്കിലും ഇവർക്ക് ശമ്പളം നൽകിയില്ല.ശമ്പളം ചോദിച്ചപ്പോൾ ഒട്ടകത്തെ മേയ്ക്കാൻ മരുഭൂമിക്ക് നടുവിൽ കൊണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വാട്സ് ആപ്പിലൂടെ അയച്ച വിഡിയോയിൽ യുവാക്കൾ വിശദീകരിക്കുന്നു.
ഇവരെ തിരിച്ച് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ പലരെയും സമീപിച്ചു.സർക്കാർ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.ദുരിത ജീവിതത്തിൽനിന്നും എത്രയുംപെട്ടെന്ന് യുവാക്കൾ തിരിച്ചെത്തണമെന്ന പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഇവരുടെ ബന്ധുക്കൾ.
Post Your Comments