കോയമ്പത്തൂര്‍● കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി നേതാവ് ശശികുമാര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു. ഹിന്ദുമുന്നണി വക്താവ് ശശികുമാര്‍(36) വ്യാഴാഴ്ച രാത്രി സുബ്രഹ്മണ്യപാളയത്തിന് സമീപം വച്ച് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച രാവിലെമുതല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദുമുന്നണി സംസ്ഥാന പ്രസിഡന്റ് കന്ദേശ്വര സുബ്രമണ്യം സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സുബ്രഹ്മണ്യപാളയം സ്വദേശിയായ ശശികുമാര്‍ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകവേ ആയുധങ്ങലുമായി ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.
പതിനൊന്നോളം മാരകമുറിവുകളേറ്റ ശശികുമാറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുപ്പൂരിലും കോയമ്പത്തൂരിലും കടകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോയമ്പത്തൂരില്‍ 500ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. പാലക്കാട് നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിട്ടുണ്ട്.
തിങ്കളാഴ്ച, ഡിംഡിഗല് ജില്ലയില്‍ മറ്റൊരു ഹിന്ദുമുന്നണി നേതാവിന് വെട്ടേറ്റിരുന്നു.
Post Your Comments